കണ്ണൂർ :- റെഡി ടു കുക്ക് രംഗത്തേക്ക് ചുവടുവെച്ച് കണ്ണൂരിലെ കുടുംബശ്രീ. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അപ്പം, ദോശ, ഇഡലി മാവുകൾ പുറത്തിറക്കി. കാർഷിക ഗവേഷണ കേന്ദ്രമായ കാസർഗോഡ് സിപിസിആർഐയുടെ സാങ്കേതിക സഹായത്തോടെയാണ് ബ്രാന്റഡ് ഉൽപന്നങ്ങൾ വികസിപ്പിച്ചത്. 500ഗ്രാം പാക്കറ്റിൽ ലഭ്യമാണ്. ഇഡലി (85 രൂപ) അപ്പം (70) ദോശ (55) എന്നിങ്ങനെയാണു വില.
ജില്ലാ മിഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച കറി പൗഡർ ആൻഡ് ഫ്ലോർ കൺസോർഷ്യത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 12 സംരംഭക ഗ്രൂപ്പുകൾക്കാണ് ആദ്യ ഘട്ടത്തിൽ നിർമാണ ചുമതല നൽകിയിരിക്കുന്നത്. ഇതോടെ കണ്ണൂർ കറി പൗഡർ ആൻഡ് ഫ്ലോർ കൺസോർഷ്യം വിപണിയിലിറക്കിയ ബ്രാന്റഡ് ഉൽപന്നങ്ങൾ 16 ആയി. 2018 ലാണ് ജില്ലാതലത്തിൽ കൺസോർഷ്യം രൂപീകരിച്ചത്.
2019 ൽ 11 ഇനങ്ങളിൽപെട്ട കറി പൗഡറുകളും 3 തരം ധാന്യ പൊടികളും വിപണിയിലിറക്കിയാണ് കുടുംബശ്രീ ബ്രാന്റഡ് മേഖലിയിലേക്കു കടന്നത്. കൺ സോർഷ്യത്തിൽ നിലവിൽ 100 വനിതാ സംരംഭക ഗ്രൂപ്പുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. 350 ൽ അധികം കുടുംബശ്രീ പ്രവർത്തകരുടെ പ്രധാന ഉപജീവന മാർഗമാണിത്. അര കിലോ ഇഡലി പൗഡറിൽ നിന്ന് 35 ഇഡലികൾ ലഭിക്കും. അപ്പം - 10, ദോശ 10-15 എന്നിങ്ങനെയും കിട്ടും.