പാലക്കാട് :- കനത്തചൂടിൽ നേന്ത്രക്കായയുടെ വിലയിടിവ് കർഷകരെ പൊള്ളിക്കുന്നു. മൊത്തവിപണിയിൽ കിലോയ്ക്ക് 24 രൂപയാണ് ലഭിക്കുന്നത്. 2023 ഓഗസ്റ്റിൽ 50 രൂപ വരെ ഉയർന്ന നേന്ത്രക്കായവില പിന്നീടിതു വരെ ഉയർന്നിട്ടില്ല. ഇത്തവണ പെരുന്നാൾ, വിഷു സമയത്തുപോലും 30 രൂപ വരെയാണ് കർഷകന് ലഭിച്ചത്. ജലക്ഷാമത്തിനിടയിലും വിളയിച്ചെടുത്ത നേന്ത്രക്കായകളാണ് കിട്ടുന്ന വിലയ്ക്ക് കൊടുക്കേണ്ടി വരുന്നത്. നിലവിൽ വയനാട്ടിലും പാലക്കാട് അട്ടപ്പാടിയിലുമാണ് വേനൽ നേന്ത്രവാഴക്കൃഷിയുള്ളത്. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വ്യാപകമായി നേന്ത്രക്കായ എത്തുന്നുണ്ട്. മൈസൂർപ്പൂവൻ, ഞാലിപ്പൂവൻ എന്നീ ചെറുപഴങ്ങളും അവിടെ നിന്നാണ് എത്തുന്നത്.
മാർക്കറ്റുകളിൽ പുകയിട്ട് പഴുപ്പിക്കുന്ന നേന്ത്രക്കായ വിൽക്കുന്നത് കിലോയ്ക്ക് 30 രൂപ മുതലാണ്. അതേസമയം, നേന്ത്രക്കായ പഴുക്കാൻ ഒരാഴ്ചയോളം വേണ്ടിവരുന്നതായി വ്യാപാരികൾ പറയുന്നു. കനത്തചൂടേറ്റ് തൊലി കട്ടികൂടിയതാണ് പ്രശ്നം. മുൻവർഷങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നതിനാൽ കുഴപ്പമുണ്ടായിരുന്നില്ല. കായകൾ പെട്ടെന്ന് കറുപ്പുനിറമാവുകയും ചെയ്യുന്നു. കറുപ്പുനിറമുള്ളത് കടക്കാരും എടുക്കുന്നില്ല. 50 കുലകൾ ഒരുദിവസം വിറ്റിരുന്ന സ്ഥാനത്ത് 10 കുല മാത്രമാണ് വിൽക്കാനാകുന്നതെന്ന് വ്യാപാരികൾ പറയുന്നു.