നാറാത്ത്:- നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ തദ്ദേശ സ്വയംഭരണവകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കാട്ടാമ്പള്ളിയിലെ കൈരളി ബാറിന് പിഴ ചുമത്തി നടപടിയെടുക്കാൻ നാറാത്ത് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. മലിനജലം പൈപ്പ് വഴി നേരിട്ട് പുഴയിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. കൂടാതെ മാലിന്യങ്ങൾ ഉറവിടത്തിൽ തരംതിരിക്കാതെ ജൈവ അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. സ്ഥാപനത്തിൻ്റെ പരിസരത്ത് നിർമ്മിച്ച കുഴിയിൽ നിരോധിത പേപ്പർ കപ്പുകൾ, ബോട്ടിലുകൾ, പ്ളാസ്റ്റിക് കവറുകൾ, അലുമിനിയം ഫോയിലുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ ജൈവ മാലിന്യങ്ങൾ എന്നിവ കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. സമീപത്തായി പ്ളാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ളവ കത്തിച്ചതിൻ്റെ അവശിഷ്ടങ്ങളും കാണപ്പെട്ടു. ജലാശയം മലിനപ്പെടുത്തൽ, മാലിന്യം തരംതിരിക്കാതെ കൂട്ടിയിടൽ, പ്ളാസ്റ്റിക് കത്തിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങൾ ക്കായി പഞ്ചായത്ത് രാജ് നിയമപ്രകാരം 25000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ നാറാത്ത് ഗ്രാമ പഞ്ചായത്തിന് ജില്ലാ എൻഫോഴ്സ് മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ അഷ്റഫ് പി.പി, നിതിൻ വത്സലൻ, ദിബിൽ സി.കെ, നാറാത്ത് ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്മ പി. എന്നിവർ പങ്കെടുത്തു .