പകര്‍ച്ചവ്യാധി പ്രതിരോധം ; ആര്‍ആര്‍ടി രൂപീകരിച്ചു, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കും


തിരുവനന്തപുരം :- സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കും. കടുത്ത വേനലില്‍ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ആശുപത്രികള്‍ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. പ്രധാന ആശുപത്രികളില്‍ ഫീവര്‍ ക്ലിനിക് ഉറപ്പാക്കണം. ഐഎംഎ, ഐഎപി മുതലായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കും. ആര്‍ആര്‍ടി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ), ജലജന്യ രോഗങ്ങള്‍ എന്നിവ വളരെയേറെ ശ്രദ്ധിക്കണം. വേനല്‍ക്കാലം കഴിഞ്ഞെങ്കിലും ഇനിയും മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണം. 

മഞ്ഞപ്പിത്തത്തിനെതിരെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട്. ഇത്തരം രോഗങ്ങള്‍ക്കെതിരായ അവബോധം വളരെ പ്രധാനമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. കുടിക്കുന്ന വെള്ളം ശുദ്ധജലമല്ലെങ്കില്‍ മഞ്ഞപ്പിത്തം വരാം. അതിനാല്‍ എല്ലാ കുടിവെള്ള സ്രോതസുകളും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. മഴ ശക്തമായി തുടരുന്നതിനാല്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജല സ്രോതസുകള്‍ വീണ്ടും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. തദ്ദേശ സ്വയംഭരണ വകുപ്പും വാട്ടര്‍ അതോറിട്ടിയും ഇക്കാര്യം വളരെ ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.

പൊതുജനാരോഗ്യ നിയമ പ്രകാരം മെഡിക്കല്‍ ഓഫീസര്‍മാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കണം. ഹോട്ടലുകള്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ. ജീവനക്കാര്‍ ശുചിത്വം പാലിക്കണം. ശാസ്ത്രീയമായ ചികിത്സ മാത്രമേ തേടാവൂ. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണം. വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം.

മഴക്കാലമായതിനാല്‍ ഡെങ്കിപ്പനിയ്‌ക്കെതിരെയും എലിപ്പനിയ്‌ക്കെതിരെയും ജാഗ്രത പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കുടിവെള്ള സ്രോതസുകള്‍ ശുദ്ധമാണെന്ന് ഉറപ്പാക്കുകയും വേണം. മലിന ജലത്തിലോ മലിനജലം കലര്‍ന്ന മഴവെള്ളത്തിലോ ഇറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മണ്ണുമായി ഇടപെട്ടവരില്‍ എലിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചെടിച്ചട്ടികളില്‍ മണ്ണ് ഇട്ടവര്‍ പോലും ഡോക്‌സിസൈക്ലിന്‍ കഴിക്കണം. പനിയുള്ളവര്‍ വിശ്രമിക്കണം. ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിവ് മാസ്‌ക് ധരിക്കുക. ജലദോഷം, ചുമ എന്നിവ ബാധിച്ചവര്‍ മാസ്‌ക് ധരിക്കണം- മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല ആര്‍ആര്‍ടി യോഗം ചേര്‍ന്ന് പൊതുസ്ഥിതി അവലോകനം ചെയ്തു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഐ.എസ്.എം വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. ടീം അംഗങ്ങള്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post