തിരുവനന്തപുരം വിനോദസഞ്ചാരികളുടെ വരവിൽ കഴിഞ്ഞ കൊല്ലം സർവ്വകാല റെക്കോഡിട്ട് കേരളം. 2.25 കോടി സഞ്ചാരികൾ കേരളത്തിലെത്തി. മുൻവർഷങ്ങളിൽ ടൂറിസം വ്യവസായത്തെ ബാധിച്ച പ്രളയത്തിനും കോവിഡിനും ശേഷം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനത്ത് വൻവർധനവാണുണ്ടായത്. 2020-ലെ കോവിഡ് ലോക്‌ഡൗണിൽ സഞ്ചാരികളുടെ വരവിൽ 2023 ൽ 72.77 ശതമാനം ഇടിവാണുണ്ടായത്. എന്നാൽ, 2021-ൽ 42.56 ശതമാനം വർധിച്ചു.
2021-നെ അപേക്ഷിച്ച് 2022- ൽ സഞ്ചാരികൾ ഇരട്ടിയിലധികമായി. 152 ശതമാനമായിരുന്നു 2022-ലെ വർധന. കഴിഞ്ഞവർഷം 17.22 ശതമാനം വളർച്ചയാണ് നേടിയത്. ആഭ്യന്തരം-21,871,641, വിദേശം 649,057 എന്നിങ്ങനെയാണ് സഞ്ചാരികളുടെ എണ്ണം. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡാണ് സംസ്ഥാനത്തിന്. 2021 മുതൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവുണ്ടായി.