മയ്യിൽ :- മയ്യിൽ. ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ റോഡിലെ വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് ജൂൺ 25 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് മയ്യിൽ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപം മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. ബസ് സ്റ്റാൻഡ് റോഡിലെ വഴിവിളക്കുകൾ പൂർണ്ണമായും ടൗണിലെ മറ്റ് വഴിവിളക്കുകളിൽ ഭൂരിഭാഗവും പ്രവർത്തന രഹിതമായിട്ട് ഏകദേശം ഒരു മാസത്തോളമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ വൈകുന്നതിനാലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന റോഡാണിത്. മയ്യിൽ - ചാലോട് റോഡിൽ മയ്യിൽ ടൗൺ വഴി കടന്ന് പോകുന്ന രാത്രികാല വാഹനങ്ങളേയും പ്രഭാതസവാരിക്കാരേയും, കാൽനട യാത്രക്കാരേയും ദുരിതത്തിലാക്കി ടൗണിന്റെ ഹൃദയഭാഗത്തുള്ള മയ്യിൽ ബസ്സ്റ്റാൻഡ് റോഡിലുൾപ്പടെ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള വഴിവിളക്കുകൾ കണ്ണടച്ചിരിക്കുന്നത്.