മയ്യിൽ :- എട്ടേയാർ - മുനമ്പ്പാലം റോഡിൽ കാൽനടയാത്ര ഏറെ അപകടകരമായിരിക്കുകയാണ്. നടപ്പാത ഇല്ലാത്തതിനാലും വാട്ടർ അതോറിറ്റിയുടെ കുഴികളിൽ കാരണം ജനങ്ങൾക്ക് റോഡരികിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. ഒപ്പം റോഡിന്റെ ഇരുവശവും കാടുമൂടിക്കിടക്കുകയാണ്. ഇനി കൂടുതൽ മഴ പെയ്യുമ്പോഴേക്കും ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ പരിതാപകരമാകും. എത്രയും പെട്ടെന്ന് അധികാരികൾ ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിദ്യാർഥികൾ ഉൾപ്പടെ നിരവധിപേരാണ് ദിവസവും ഇതുവഴി നടന്നുപോകാറുള്ളത്. എന്നാൽ റോഡരികിലെ ഈ അവസ്ഥ വളരെ അപകടകരമാണ്. ഇതിനുപുറമെ ഇവിടെ റോഡിൽ പലയിടത്തും മണ്ണും ചെളിയും ഒലിച്ചിറങ്ങിയ അവസ്ഥയിലാണ്. കൃത്യമായ ഓവുചാൽ സംവിധാനത്തിന്റെയും നടപ്പാതയുടെയും അഭാവം കാരണം ബുദ്ധിമുട്ടിലാകുന്നത് ഇതുവഴി പോകുന്ന പൊതുജനങ്ങളാണ്. ഇവിടെ പലസ്ഥലങ്ങളിലും മരങ്ങളുടെയും മാറ്റും വലിയ കൊമ്പുകൾ റോഡിലേക്ക് ചാഞ്ഞു കിടക്കുന്നത് വാഹനങ്ങൾക്ക് ദൂരകാഴ്ച ഇല്ലാതാകുന്നു. ഇതും വലിയ അപകടത്തിനു കാരണമായേക്കാം.
വളവുകളുള്ള ഈ റോഡിലൂടെ വാഹനങ്ങൾ പോകുന്നതും അമിതവേഗതയിലാണ്. സമൃദ്ധി ഹോട്ടലിനു സമീപത്തെ വളവിൽ വാഹനങ്ങളുടെ വേഗതകുറയ്ക്കാനുള്ള ബോർഡ് വെക്കാൻ സമൃദ്ധി ഹോട്ടലും ഓട്ടോ ഹബ്ബും തയ്യാറായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. എട്ടേയാർ മുതൽ നമ്പ്രം വരെയുള്ള റോഡിൽ അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കാനും, റോഡിലേക്കും റോഡരികിലേക്കും ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റുകയും റോഡിലെ മണ്ണ് നീക്കം ചെയ്യുകയും വേണം. നാട്ടുകാർ ചേർന്ന് ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നുണ്ട്. അധികാരികൾക്ക് നിവേദനം നൽകാനും നാട്ടുകാരുടെ തീരുമാനത്തിലുണ്ട്.