വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് പുതിയ മൊബൈൽ ആപ്പ്


തിരുവനന്തപുരം :- വാഹനങ്ങളുടെ പുക പരിശോധനയ്ക്കുള്ള പുതിയ മൊബൈൽ ആപ് നിലവിൽ വന്നു. വാഹൻ 2 എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷനാണ് പുതിയതായി കേരളത്തിലെ പുകപരിശോധനാ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നത്. ഈ ആപ് ഉപയോഗിച്ചു പുകപരിശോധന നടത്തേണ്ട വാഹനത്തിന്റെ നമ്പർ പ്ലേറ്റ്, വാഹനത്തിന്റെ ഫോട്ടോ, വാഹനം പുകപരിശോധനാ കേന്ദ്രത്തിൽ കിടക്കുന്ന വിഡിയോ എന്നിവ ആപ്പിൽ അപ്ലോഡ് ചെയ്തതിനു ശേഷമാണ് പുകപരിശോധന ആരംഭിക്കുന്നത്. പുകപരിശോധനയിൽ പല സ്‌ഥലങ്ങളിലും ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടത്തിനെത്തുടർന്നാണ് പുതിയ ആപ് സംവിധാനം മോട്ടർവാഹന വകുപ്പ് നടപ്പിലാക്കിയത്. പുകപരിശോധനാ കേന്ദ്രങ്ങളുടെ 50 മീറ്റർ ചുറ്റളവിൽ മാത്രമാണ് ആപ് പ്രവർത്തിക്കുന്നത്. പുകപരിശോധനാ കേന്ദ്രങ്ങളിൽ മൂന്ന് ഫോണുകളിൽ ഈ ആപ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

വാഹന പുകപരിശോധനയി ലെ ക്രമക്കേടുകൾ തടയുന്നതി നു വേണ്ടി സോഫ്റ്റ്വെയറിലെ തൽസമയ റീഡിങ് സംവിധാനം ഈയിടെ ഒഴിവാക്കിയിരുന്നു. വാഹനത്തിൻ്റെ പുകപരിശോധന നടത്തി സൈറ്റിൽ നൽകിയ  ശേഷം ഫലം ലഭിക്കുമ്പോൾ മാത്രമേ വാഹനം പുകപരിശോധനയിൽ വിജയിച്ചോ പരാജയപ്പെട്ടോ എന്നറിയാൻ കഴിയുകയുള്ളു. പാസാകാത്ത വാഹനങ്ങൾക്ക് പരാജയപ്പെട്ട സർട്ടിഫിക്കറ്റുകൾ നൽകും. പരാജയപ്പെട്ടാലും ടെസ്‌റ്റിങ് ഫീസ് നൽകണം. പുകപരിശോധനയിൽ പരാജയപ്പെട്ട വാഹനങ്ങൾ തകരാറുകൾ പരിഹരിച്ചു വീണ്ടും ടെസ്റ്റ് നടത്തണം. മുൻപ് പരിവാഹൻ സൈറ്റിലേക്ക് നേരിട്ട് പരിശോധനാഫലം രേഖപ്പെടുത്തുകയായിരുന്നു. മുൻപ് വെബ് ക്യാമറ ഉപയോഗിച്ചായിരുന്നു വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ എടുത്തിരുന്നത്. ഇതിനു പകരമായി മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഫോട്ടോയും വിഡിയോയും എടുത്ത് സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടത്.

Previous Post Next Post