തിരുവനന്തപുരം :- പാറക്വാറികളിലേത് ഉൾപ്പെടെ സംസ്‌ഥാനത്തെ ജലാശയങ്ങളെല്ലാം ഭൂപടത്തിലാകുന്നു. സംസ്ഥാന ഹൈഡ്രോഗ്രഫിക് സർവേ വിങ്ങിന്റെ നേതൃത്വത്തിലാണ് കായലുകൾ, നദികൾ, തടാകങ്ങൾ, നീരൊഴുക്കു പ്രദേശങ്ങൾ തുടങ്ങിയ ജലാശയങ്ങളെ എല്ലാ വിശദാംശങ്ങളും സഹിതം മാപ്പ് ചെയ്ത് 'ഹിംസിസ്' എന്ന സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തുന്നത്. സംസ്ഥാനത്തെ ജല ദൗർലഭ്യത്തിനു ഒരു പരിധി വരെ പരിഹാരമാകാനും മൂല്യവർധിത മാർഗങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനും ഉപേക്ഷിക്കപ്പെട്ട ക്വാറികൾ സഹായകമാകുമെന്നാണു കണ്ടെത്തൽ.
കൊല്ലം ജില്ലയിലെ കരീപ്രയിൽ 4 ഏക്കറോളം വിസ്തൃതിയുള്ള പാറക്വാറി ഹൈഡ്രോഗ്രഫിക് സർവേയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. കൊച്ചി കപ്പൽ ശാലയ്ക്ക് അണ്ടർ വാട്ടർ ഡ്രോൺ ഉൾപ്പെടെ വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന വി വിധ ഉപകരണങ്ങളുടെ പരീക്ഷണത്തിന് ഈ ക്വാറി ഉപയോഗിക്കാൻ കഴിയുമെന്ന് ഹൈഡ്രോഗ്രഫിക് സർവേ വിഭാഗം റിപ്പോർ ട്ട് നൽകിയിരുന്നു. പ്രധാന റോഡരികിൽ തന്നെയുള്ള, 33 മീറ്ററിലധികം ആഴമുള്ള ഈ ക്വാറിയിലെ ജലം ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ കൃഷി ആവശ്യങ്ങൾക്കു ജലസേചനത്തിനും ഉപയോഗിക്കുന്നുണ്ട്.
സംസ്ഥാനത്തെ പതിനായിരത്തിലധികം പാറക്വാറികളെ ഇത്തരത്തിൽ ഉപയോഗിക്കാനാകുമെന്ന് ചീഫ് ഹൈഡ്രോഗ്രഫർ വി.ജിരോഷ് കുമാർ പറഞ്ഞു. ജലാശയങ്ങളുടെ അടിത്തട്ടിന്റെ വിവരങ്ങൾ, ഒഴുക്കിൻ്റെ ദിശ, ടോപ്പോഗ്രഫി വിവരങ്ങൾ, വെള്ളത്തിന്റെ ഗുണമേന്മ തുടങ്ങിയ ഒട്ടേറെ വിവരങ്ങൾ സർവേയിലൂടെ കണ്ടെത്തി ഉൾപ്പെടുത്തുന്നുണ്ട്. ഇവ വിവിധ വകുപ്പുകൾക്കും ഏജൻസികൾക്കും ഉപയോഗിക്കാനാകും.