തിരുവനന്തപുരം :- ട്രോളിങ് നിരോധനത്തിനു പിന്നാലെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മത്തി കേരളത്തിൽ വ്യാപകം. അയൽ സംസ്ഥാനങ്ങളിൽ ട്രോളിങ് നിരോധനമുണ്ടെങ്കിലും അവിടെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു മത്തി ധാരാളമായി ലഭിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലേക്കൊഴുകുന്നത്. തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം, തൂത്തുക്കുടി ഭാഗങ്ങളിൽ നിന്നുള്ള മത്തിയാണ് ഇതിലേറെയും. കൂറ്റൻ ഐസ് കണ്ടെയ്നറുകളിലാണ് മത്സ്യം എത്തുന്നത്. അതിർത്തി കടന്നെത്തുന്ന മത്സ്യത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ഇനിയും ശക്തമായിട്ടില്ല. 'പേച്ചാള' എന്ന പേരിൽ പ്രാദേശികമായി തമിഴ്‌നാട്ടിൽ അറിയപ്പെടുന്ന മത്തിക്ക് അവിടെ പ്രിയം കുറവാണ്. അയല ഉൾപ്പെടെയുള്ള മത്സ്യങ്ങൾ പിടിക്കുന്നുണ്ടെങ്കിലും കയറ്റി അയയ്ക്കുന്നതിൽ ഭൂരിഭാഗവും മത്തിയാണ്.
കേരളത്തിലാകട്ടെ മത്തിയുടെ ലഭ്യത കുറവാണ്. കിട്ടുന്നതാകട്ടെ ചെറിയ മത്തിയും. ശരാശരി 5 മുതൽ 9 സെൻ്റീമീറ്റർ വരെ നീളമുളള മത്തിക്കു വിൽപന ഇല്ലാതായതോടെ തമിഴ്‌നാട്ടിലെ മത്സ്യ-കോഴി തീറ്റ ഫാക്ടറികളിലേക്ക് കൊണ്ടുപോവുകയാണ്. 2012 ലെ 3.99 ലക്ഷം ടൺ റെക്കോർഡ് ഉൽപാദനത്തിനു ശേഷം സംസ്ഥാനത്തു മത്തിപിടിത്തം തകർച്ച നേരിടുകയാണ്. 2022-ൽ 1.01 ലക്ഷം ടൺ ഉൽപാദനത്തോടെ മത്തി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടിയെങ്കിലും പിടിച്ചതിലേറെയും ചെറുതായിരുന്നു. നിലവിൽ മത്തിയുടെ വില കിലോയ്ക്കു 300 രൂപ വരെയെത്തി നിൽക്കുകയാണ്.