മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്രത്തിൽ നിന്നുള്ള ഇത്തവണത്തെ അവസാനത്തെ വിമാനവും പുറപ്പെട്ടതോടെ 10 ദിവസം നീണ്ട ഹജ്ജ് ക്യാമ്പ് സമാപിച്ചു. തിങ്കളാഴ്ച പുലർച്ചെ 1.55-നാണ് 322 തീർഥാടകരുമായി സൗദി എയർലൈൻസ് വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടത്. ഇവരിൽ 166 പേർ സ്ത്രീകളാണ്. ആകെ 3210 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളംവഴി ഹജ്ജിന് പുറപ്പെട്ടത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് രണ്ടുപേരുടെ യാത്ര മുടങ്ങി. തീർഥാടകരിൽ 1921 പേർ സ്ത്രീകളാണ്.
ഹജ്ജ് തീർഥാടനത്തിനായി ജൂൺ ഒന്നുമുതൽ ഒൻപത് സർവീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈൻസ് നടത്തിയത്. ജൂലായ് 10 മുതൽ മദീനയിൽ നിന്നാണ് കണ്ണൂരിലേക്കുള്ള മടക്ക സർവീസുകൾ. യാത്രയയപ്പ് യോഗത്തിൽ വഖഫ് ബോർഡംഗം അഡ്വ. സൈനുദ്ദീൻ, എം.വി ജയരാജൻ, നഗരസഭാധ്യക്ഷൻ എൻ.ഷാജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, എം.സി കുഞ്ഞഹമ്മദ്, അൻസാരി തില്ലങ്കേരി, പി.മഹമൂദ്, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി.പി മുഹമ്മദ് റാഫി, പി.ടി അക്ബർ, ക്യാമ്പ് കൺവീനർമാരായ സി.കെ സുബൈർ ഹാജി, നിസാർ അതിരകം, സെൽ ഓഫീസർ എസ്.നജീബ് തുടങ്ങിയവർ പങ്കെടുത്തു.