സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായില്ല ; KSEB യുടെ ജലസംഭരണികളില്‍ പ്രതീക്ഷിച്ച തോതില്‍ ജലനിരപ്പ് കൂടിയില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി


തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴ ലഭിച്ചുവെങ്കിലും കാലവര്‍ഷം ശക്തി പ്രാപിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ ജലസംഭരണികളില്‍ ജലനിരപ്പ് പ്രതീക്ഷിച്ച തോതില്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഈ മാസം ഇതുവരെ പ്രതീക്ഷിച്ചത് 237 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്കാണ്. എന്നാല്‍ 157 ദശലക്ഷം യൂണിറ്റിനുള്ള ജലം മാത്രമേ കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളിലാകെ ഒഴുകിയെത്തിയിട്ടുള്ളൂ. നേരത്തെ ഏര്‍പ്പെട്ട 300 മെഗാവാട്ട് പ്രതിമാസ കരാര്‍ നിലവിലുള്ളതിനാലാണ് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധി നേരിടാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  

വേനല്‍ക്കാലത്ത് ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഎസ്ഇഎസ് എന്നിവിടങ്ങളില്‍ നിന്നും കൈമാറ്റ ഉടമ്പടി പ്രകാരം വാങ്ങിയ 10.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ മുതല്‍ തിരികെ നല്‍കി തുടങ്ങി. 850 മെഗാവാട്ടിന്റെ കരാറുകളുടെ കാലാവധി കഴിഞ്ഞെങ്കിലും, മാര്‍ച്ചിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് ജൂണില്‍ വൈദ്യുതി ആവശ്യം കുറയാന്‍ സാധ്യതയുണ്ടെന്ന് കണ്ട് ഈ മാസം വേറെ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നില്ല. അതേസമയം, വൈദ്യുത ഉപഭോഗത്തില്‍ വലിയ കുറവുണ്ടാകുന്നില്ല. നിലവില്‍ ആവശ്യത്തിനനുസരിച്ച് കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. 

Previous Post Next Post