കൊച്ചി :- സംസ്ഥാനത്ത് പച്ചക്കറിക്കുപിറകെ, പഴങ്ങളുടെ വിലയും കുതിക്കുകയാണ്. ഒന്നര മാസം കൊണ്ട് 5-25 രൂപയോളമാണ് വിവിധ വാഴപ്പഴങ്ങളുടെ വില ഉയർന്നത്. വിപണിയിൽ ഏറ്റവും ഡിമാൻഡുള്ള ഏത്തപ്പഴത്തിൻ്റെ വിലയെയും കടത്തിവെട്ടി മുന്നേറുകയാണ് ഞാലിപ്പൂവൻ. എറണാകുളത്തെ ചില്ലറ വിപണിയിൽ 100 രൂപയിലെത്തി വില. ചില സൂപ്പർ/ഹൈപ്പർ മാർക്കറ്റുകളിൽ 110 രൂപയുണ്ട്.
വരവ് കുറഞ്ഞതും കയറ്റുമതി ഉയർന്നതും വില ഉയർത്തി. വരവ് ഏതാണ്ട് 30-40 ശതമാനമാണ് കുറഞ്ഞത്. നില വിൽ ദിവസം രണ്ട് രൂപ വെച്ച് പഴങ്ങളുടെ വില ഉയരുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. ഏത്തപ്പഴത്തിന് കിലോയ്ക്ക് 70-75 രൂപ വരെ വിലയുണ്ട്. റോബസ്റ്റ 45-50 രൂപ, പാളയൻതോടൻ 50-55 രൂപ, പൂവൻ 60-65 രൂപ എന്നിങ്ങനെയാണ് നിരക്ക്. ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. പൊതുവേ സീസണിൽ വില കുറയുമെങ്കിലും ഇത്തവണ സീസണിലും ഇവയുടെ വില ഉയരത്തിൽ തന്നെയായിരുന്നു.
സംസ്ഥാനത്ത് വാഴപ്പഴത്തിന് ആവശ്യം കൂടുതലാണെങ്കിലും തമിഴ്‌നാട്, കർണാട എന്നീ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് പഴങ്ങൾ എത്തുന്നത്. ഇതിൽ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തിൽ നിന്നാണ് കേരള വിപണിയിലേക്ക് ഏറ്റവും കൂടുതൽ പഴം എത്തുന്നത്. കൂടാതെ, സീസൺ അനുസരിച്ച് തൃച്ചിനാപ്പള്ളി, തൂത്തുക്കുടി ഭാഗങ്ങളിൽനിന്ന് വാഴപ്പഴങ്ങൾ വരുന്നുണ്ട്. ഈ ഭാഗങ്ങളിൽ കാലാവസ്ഥ വ്യതിയാനം കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ ശക്തമാകുന്നതും വിലയെ ബാധിക്കും.