തളിപ്പറമ്പ് :- റൂറൽ ജില്ലയിൽ ഓൺലൈൻ തട്ടിപ്പുസംഘം കവർന്നത് 7.5 കോടിയോളം രൂപ. 2023- 24 വർഷങ്ങളിലാണ് ഇത്രയും തട്ടിപ്പ് നടന്നതെന്ന് റൂറൽ എസ്‌പി എം.ഹേമലത പറഞ്ഞു. ഓൺലൈൻ വ്യാപാരത്തിലൂടെയും നിക്ഷേപത്തിലൂടെയും ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 2.5 കോടി രൂപയും വ്യാജ പൊലീസ് അന്വേഷണ സംഘം ചമഞ്ഞ് 13.75 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. സമ്മാനങ്ങളുടെയും വായ്പ്‌പകളുടെയും പേരിലും വൻ തുക തട്ടിയെടുത്തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിലൂടെ നഷ്ടമായ തുകയിൽ 3.7 ലക്ഷം രൂപ റൂറൽ സൈബർ സെൽ നടത്തിയ അന്വേഷണത്തെ തുടർന്ന് തിരിച്ച് പിടിക്കാൻ സാധിച്ചതായിഎസ്‌പി പറഞ്ഞു. ഈ കാലയളവിൽ ഇത്തരം പരാതികളിൽ 25 കേസുകളാണ് റൂറൽ പരിധിയിൽ എടുത്തത്. ഓൺലൈൻ വ്യാപാരത്തിന്റെ പേര് പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയിൽ നിന്ന് 64 ലക്ഷം രൂപയും. ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് മറ്റൊരാളിൽ നിന്ന് 32 ലക്ഷം രൂപയും. ആമസോൺ ഓൺലൈൻ ഷോപ്പിങ് ആപ്പിൽ ലാഭം നേടാം എന്ന് പറഞ്ഞ് മാട്ടൂൽ സ്വദേശിയിൽ നിന്ന് 16 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
മുംബൈ പൊലീസ് സ്റ്റേഷനിൽ റജിസ്‌റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി വാറന്റുണ്ടെന്നു പറഞ്ഞാണ് പയ്യന്നൂരിലെ ഡോക്ടറിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഉയർന്ന ഉദ്യോഗസ്ഥഥൻ്റെ യൂണിഫോം ധരിച്ച് വാട്‌സാപ്പിലൂടെയാണ് സംഘം സംസാരിച്ചത്. എഫ്ഐആറിന്റെയും വാറന്റിന്റെയും വ്യാജ കോപ്പിയും ഉദ്യോഗസ്‌ഥരെയും കാണിച്ചാണ് പണം തട്ടിയെടുത്തത്. ഈ വർഷം ഇതു വരെ റൂറൽ ജില്ലയിൽ ചെറുതും വലുതുമായ 300 ഓളം സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജനം കുരുതിയിരിക്കണമെന്ന് എസ്പി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ കേസെടുത്തിട്ടുണ്ടെന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയാണ് വേണ്ടത്. രാജ്യത്ത് എവിടെയുമുള്ള എഫ്ഐആറുകൾ ഇവിടെ നിന്ന് കാണാൻ സാധിക്കും. ഇത്തരം തട്ടി പ്പ് സംഘങ്ങൾക്കെതിരെ റൂറൽ സൈബർ സെൽ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ചെന്ന് അന്വേഷണം നടത്തി വരികയാണ്. പണം തട്ടിയെടുക്കുന്ന അക്കൗണ്ടുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത്തരം അക്കൗണ്ടുകളുടെ പിന്നിലുള്ള 10 ഓളം പിൻവഴികൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട് .ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളുടെ സന്ദേശങ്ങൾ വന്നാൽ സംസ്‌ഥാന സൈബർ പൊലീസിൻ്റെ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും എസ്‌പി പറഞ്ഞു. ഉടൻ പരാതി നൽകിയാൽ ബാങ്ക് അക്കൗണ്ടുകൾ തടഞ്ഞ് പണം വീണ്ടെടുക്കാൻ സാധിക്കും.