തിരുവനന്തപുരം :- ഹയർ സെക്കൻഡറി സപ്ലിമെൻ്ററി പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. ജൂലൈ എട്ടിന് ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. 9ന് രാവിലെ 10 മുതൽ പ്രവേശനം നേടാനാകും. സീറ്റ് ക്ഷാമം നിലനിൽക്കുന്ന മലപ്പുറത്ത് എവിടെയൊക്കെ എത്ര അധിക ബാച്ചുകൾ അനുവദിക്കണമെന്നു സംബന്ധിച്ചു പഠിക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥകമ്മിറ്റി ഇന്ന് റിപ്പോർട്ട് നൽകും. അതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി അധിക ബാച്ചുകൾ അനുവദിച്ച ശേഷം അതു കൂടി ഉൾപ്പെടുത്തിയാകും ആദ്യ അലോട്‌മെന്റ്.
മലപ്പുറത്ത് ഒഴികെ മറ്റു ജില്ലകളിലൊന്നും മെറിറ്റ് സീറ്റിൽ ക്ഷാമമില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സംസ്ഥാനത്താകെ സപ്ലിമെന്ററി അലോട്മെന്റിനായി 52000ൽ ഏറെ മെറിറ്റ് സീറ്റുകളാണുളളത്. സ്പോർട്‌സ് ക്വോട്ടയിലും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ടകളിലും ഒഴിവുള്ള സീറ്റുകൾ കൂടി മെറിറ്റിലേക്ക് ഉൾപ്പെടുത്തിയിട്ടു മലപ്പുറത്ത് 6937 സീറ്റുകളാണ് ഒഴിവുള്ളത്. കൂടുതൽ ഒഴിവുകളും ഇവിടെയാണ്.