അബുദാബി :- ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷത്തിനു മുകളിലായി. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പാർലമെന്റിൽ അറിയിച്ചതാണിത്. ഐ.ടി, എൻജിനിയറിങ്, ബാങ്കിങ്, ഫിൻടെക്, ആരോഗ്യം തുടങ്ങി ഏറെ വൈദഗ്ധ്യം വേണ്ട മേഖലകൾ മുതൽ ശുചീകരണം, വീട്ടുജോലി തുടങ്ങിയ മേഖകളിൽ വരെ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ.യിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് - 35.5 ലക്ഷം. 26 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 11 ലക്ഷത്തിലേറെപ്പേരുമായി കുവൈത്താണ് മൂന്നാമത്. ഒമാൻ-7.79 ലക്ഷം, ഖത്തർ-7.45 ലക്ഷം, ബഹ്റൈൻ- 3.23 ലക്ഷം എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം. ഗൾഫിലെ അതിസമ്പന്നരുടെ എണ്ണത്തിലും ഇന്ത്യയാണ് മുന്നിൽ.
ഈ വർഷം ജൂൺ 30 വരെ 1.8 ലക്ഷം ഇന്ത്യക്കാർക്ക് എമിലേഗ്രഷൻ ക്ലിയറൻസ് നൽകിയതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം 3.98 ലക്ഷം പേർക്കാണ് എമിഗ്രേഷൻ ക്ലിയറൻസ് നൽകിയത്. 10-ാം ക്ലാസിനു താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും നഴ്‌സിങ് ഉൾപ്പെടെ ചില മേഖലകളിൽ ജോലിക്കു പോകുന്നവർക്കുമാണ് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളത്.