ജലാശയങ്ങളിലും പൊതുസ്ഥലത്തും മാലിന്യം തള്ളുന്നവരെ പിടികൂടും ; കർശന നടപടി


തിരുവനന്തപുരം :- അനധികൃതമായി ശേഖരിക്കുന്ന മാലിന്യം ജലാശയങ്ങളിലും പൊതുസ്ഥലത്തും തള്ളുന്നവരെ പിടികൂടും. വ്യക്തികളും സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ നടപടി സംസ്ഥാനത്തെ മാലിന്യസംസ്കരണത്തെ അട്ടിമറിക്കുന്നതിനാൽ കടുത്ത നടപടിയെടുക്കാനാണ് നിർദേശം. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടിക സർക്കാർ തയ്യാറാക്കുകയാണ്. ശുചിത്വ മിഷൻ അംഗീകരിച്ച ഹരിതകർമസേനയുംപ്പെടെയുള്ള ഏജൻസികളെ ഒഴിവാക്കിയാണ് അനധികൃത ഏജൻസികൾക്ക് ഹോട്ടലുകളും മാളുകളും ആശുപത്രികളും മറ്റുസ്ഥാപനങ്ങളും മാലിന്യം കൈമാറുന്നത്. ഇതിൽ 10 ശതമാനം മാത്രമാണ് പന്നിഫാമുകളിലുംമറ്റും എത്തിക്കുന്നത്. ബാക്കിയുള്ളതിൽ ഏറെയും ജലസ്രോതസ്സുകളിൽ തള്ളുന്നതായാണ് സർക്കാരിൻ്റെ കണക്ക്. സംസ്ഥാനത്താകെ ഇതാണ് സ്ഥിതി. പോലീസ് സഹായത്തോടെ ഇവരെ പിടികൂടും.

നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്നതുൾപ്പെടെ മാലിന്യസംസ്കരണത്തിലെ എല്ലാ നിയമലംഘനങ്ങളും തടയുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മാലിന്യമോ വിസർജ്യവസ്തുക്കളോ ജലാശയങ്ങളിലോ ജലസ്രോതസ്സുകളിലോ ഒഴുക്കുന്നത് ജാമ്യമില്ലാക്കുറ്റമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ നിലവിൽവന്ന നിയമമ നുസരിച്ച് ഈ കുറ്റത്തിന് 10,000 മുതൽ അര ലക്ഷം രൂപവരെ പിഴയീടാക്കാൻ വ്യവസ്ഥയുണ്ട്. ആറുമാസംമുതൽ ഒരുവർഷംവരെ തടവും അനുഭവിക്കണം.

Previous Post Next Post