കണ്ണൂർ :- മഴയെത്തിയതോടെ മനുഷ്യർക്കും കാർഷികവിളകൾക്കും ഭീഷണിയായി ആഫ്രിക്കൻ ഒച്ചിൻ്റെ കടന്നാക്രമണം. ജില്ലയിൽ മലയോര മേഖലയെന്നോ നഗരപ്രദേശമെന്നോ ഭേദമില്ലാതെ ഇവയുടെ ആധിക്യമാണ്. വിളകളടക്കമുള്ള വിവിധ സസ്യങ്ങളെ മുച്ചൂടും തിന്നുനശിപ്പിക്കുന്നതുകൂടാതെ കുടിവെള്ള സ്രോതസ്സുകളും വീടുകളുടേയും കെട്ടിടങ്ങളുടേയും പരിസരങ്ങളും വൃത്തിഹീനമാക്കാനും ഇവ മുൻപന്തിയിലാണ്. മറ്റ് പല കാര്യങ്ങളിലും എന്നതുപോലെ പരിസരശുചിത്വം പാലിക്കുക എന്നതാണ് ഇവയെ പ്രതിരോധിക്കാനുള്ള ആദ്യപടി. ഉപ്പും കുമ്മായവും വിതറിയും പുകയില ലായനി തളിച്ചും നശിപ്പിക്കുക എന്നതാണ് പതിവുരീതി.
രാത്രികാലങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കൂടുതൽ. ഭിത്തികളിൽ കൂടുതലായി കാണും. ചിലരിൽ ഇതിന്റെ സാമീപ്യവും സ്പർശവും അലർജിയുണ്ടാക്കാം. ചത്ത ഒച്ചുകൾ ചീയുമ്പോൾ അസഹ്യമായ ദുർഗന്ധമാണുണ്ടാകുക. വാഴ, മഞ്ഞൾ, കവുങ്ങ്, കൊക്കോ, കാപ്പി, പൂച്ചെടികൾ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ എന്നുവേണ്ട, കണ്ണിൽ കണ്ടവയെല്ലാം ഇവ ദ്രുതഗതിയിൽ തിന്നുനശിപ്പിക്കും. ഇതുകാരണം കർഷകർക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം വളരെയേറെയാണ്. അക്കാറ്റിന ഫൂലിക്ക (Achatina fulica) എന്നാണ് ആഫ്രിക്കൻ ഒച്ചിന്റെ ശാസ്ത്രനാമം. 2005 മുതലാണ് കേരളത്തിൽ വ്യാപകമായി ഇവയെ കണ്ടുതുടങ്ങിയത്.