തിരുവനന്തപുരം :- ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് മരുന്ന് സർക്കാർ സൗജന്യമായി നൽകും. മാസത്തിലൊരിക്കൽ കുത്തിവെച്ചാൽ മതിയാകും.നിലവിൽ നൽകിവരുന്ന മരുന്ന് ആഴ്ചയിൽ രണ്ടുതവണ എടുക്കണം. 30 മില്ലീഗ്രാമിന് 58,900 രൂപയാണ് പുതിയ മരുന്നിന്റെ വില. രോഗതീവ്രതയനുസരിച്ചാണ് മരുന്നിൻ്റെ അളവ് തീരുമാനിക്കുന്നത്
ഹീമോഫീലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന ആശാധാരപദ്ധതിയിൽ പദ്ധതിയിൽ രജിസ്റ്റർചെയ്ത 300 കുട്ടികൾക്ക് പ്രയോജനം ലഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇടയ്ക്കിടെ ആശുപത്രിയിൽ പോവുന്നത് ഒഴിവാകുന്നതോടെ കുട്ടികളുടെ സ്കൂൾ മുടക്കവും മാതാപിതാക്കളുടെ തൊഴിൽനഷ്ടവും കുറയ്ക്കാം. ഞരമ്പിലൂടെയുള്ള ഇൻജക്ഷനുകളുടെ കാഠിന്യവും കുറയ്ക്കാം. രാജ്യത്താദ്യമായി കേരളത്തിലാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. എമിസിസുമാബ് എന്ന ഈ നൂതന ചികിത്സ 2021 മുതൽ തിരഞ്ഞെടുത്ത രോഗികൾക്ക് നൽകുന്നുണ്ട്. ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് മുഴുവൻ കുട്ടികൾക്കും ഈ മരുന്നുനൽകാൻ തീരുമാനിച്ചത്.