കണ്ണൂർ :- സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ജൂലൈ 19-ന് വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. കാലവര്‍ഷ കാറ്റും സജീവമായി തുടരുന്നതോടെ കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുമുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഈ സമയങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ട്. അടുത്ത രണ്ടാഴ്ച കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഐഐടിഎം മഴ പ്രവചനത്തിൽ പറയുന്നു.