പരിയാരം :- ഓൺലൈൻ തട്ടിപ്പുകൾക്കിരയാകുന്നരുടെ എണ്ണം ഓരോ ദിനവും കൂടുകയാണ്. ഏഴിലോട് റോസ് ഏയ്ഞ്ചൽ വില്ലയിൽ എഡ്‌ഗാർ വിൻസെന്റിന് ഓൺലൈൻ ട്രേഡിങിലൂടെ നഷ്ടമായത് 1.76 കോടി രൂപ. പരാതിയിൽ മഹാരാഷ്ട്ര നവിമുംബൈ അഡേരി ഈസ്റ്റിലെ ഏരീസ് മാനേജ്മെന്റ് കോർപ്പറേഷൻ ടീം ലീഡറായ ഉദയൻ കെജ്‌രിവാളിന്റെ പേരിൽ പരിയാരം പോലീസ് കേസെടുത്തു. മേയ് 29 മുതൽ ജൂലായ് ഒന്ന് വരെയുള്ള കാലയളവിൽ ഓൺ ലൈൻ ട്രേഡിങ്ങിനായി ഉദയൻ കെജ്രിവാൾ അഡ്മിനായ ഡബ്ല്യു.ബി-12 ഏരീസ് സ്റ്റോക്ക് പില്ലപ്പ് ഗ്രൂപ്പ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദേശപ്രകാരം പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. എന്നാൽ പിന്നീട് വിവിധ നിർദേശങ്ങൾവെച്ച് പണം പിൻവലിക്കാൻ സമ്മതിക്കാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വഞ്ചിച്ചുവെന്നാണ് പരാതി.
കണ്ണൂർ ഓൺലൈൻ ഷെയർട്രേഡിങ് തട്ടിപ്പിലൂടെ തെക്കിബസാർ സ്വദേശിയായ യുവതിയ്ക്ക് 4.75 ലക്ഷം രൂപ നഷ്ടമായി. ഫോറെക്സ് ട്രേഡിൽ പണം നിക്ഷേപിച്ചാൽ വിദേശ കറൻസിയായി മാറ്റിനൽകി കൂടുതൽ ലാഭമുണ്ടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ടൈറ്റാൻ കാപ്പിറ്റൽ മാർക്കറ്റ് എന്ന വ്യാജ ട്രെഡിങ് പ്ലാറ്റ്ഫോമിൽ അക്കൗണ്ട് എടുപ്പിച്ച് 2023 ജൂലായ് ഒന്നിന് 1.08 ലക്ഷം രൂപ അയപ്പിച്ചു. കൂടാതെ ഇടനിലക്കാരായി നിന്നവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. പിന്നീട് ലാഭമോ വിദേശ കറൻസിയോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.