കണ്ണാടിപ്പറമ്പ് :- ശസ്ത്രക്രിയയ്ക്ക് വിധേയനായ പതിനേഴുകാരൻ രക്തസ്രാവത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ പൊന്തേൻ ഷാജിയുടെയും അനിലയുടെയും മകൻ ആഷാടത്തിൽ സൂര്യജിത്താണ് മരിച്ചത്.
കണ്ണൂർ പ്രിയ ഇ.എൻ.ടി കെയർ ക്ലിനിക്കിൽ ടോൺസ്‌ലൈറ്റിസ് രോഗത്തിന് ശസ്ത്രക്രിയ നടത്തിയശേഷം ശനിയാഴ്ച വിദ്യാർഥി വീട്ടിലേക്ക് പോയിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം തൊണ്ടയിൽ നിന്നും രക്തസ്രാവം ഉണ്ടായതിനാൽ ചൊവ്വാഴ്ച പുലർച്ചെ ഫാത്തിമ ആസ്പത്രിയിൽ ചികിത്സ തേടി. കുട്ടി അബോധാവസ്ഥയിലായതായി കണ്ടതിനെത്തുടർന്ന് കണ്ണൂർ എ.കെ.ജി ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നിടെ മരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ടൗൺ പോലീസ് കേസെടുത്തു.