കണ്ണൂർ :- സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന ചടങ്ങുകളിൽ ഡ്രൈവിംഗ് ലൈസൻസില്ലാത്ത കുട്ടികൾ അപകടകരമായി വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിലെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ എല്ലാ സ്കൂൾ അധികൃതർക്കും നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. മമ്പറം സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ തുറന്ന ജീപ്പിൽ അഭ്യാസം നടത്തിയതു പോലുള്ള സംഭവങ്ങൾ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
പിണറായി പോലീസ് എസ്.ഐ യിൽ കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2022 ഡിസംബർ 22 ന് നടന്ന സംഭവത്തിൽ ഉപയോഗിച്ച വില്ലീസ് ജീപ്പ് കസ്റ്റഡിയിലെടുത്തതായും വാഹന ഉടമയ്ക്കെതിരെ കേസെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. വാഹനം കോടതിയിൽ നൽകുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്ക് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ പരിസരത്ത് പോലീസ് പരിശോധന കർശനമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. പൊതു പ്രവർത്തകനായ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.