മുതിര്‍ന്ന സ്ത്രീകള്‍ക്കായി പകല്‍വീടുകള്‍ വേണം - അഡ്വ. പി.സതീദേവി


കണ്ണൂർ :- വാര്‍ധക്യകാലത്ത് കുടുംബങ്ങളില്‍പ്പോലും ഒറ്റപ്പെട്ടുകഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്ക് വേണ്ടി എല്ലാ പ്രദേശങ്ങളിലും പകല്‍വീട് ഒരുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നോട്ട് വരണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി അഭ്യര്‍ഥിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് കമ്മിഷന്‍ ശുപാര്‍ശയായി നല്‍കും. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കലാലയ ജ്യോതി എന്ന പേരില്‍ ബോധവല്‍ക്കരണ പദ്ധതി നടത്തും. സൈബര്‍ വിഷയങ്ങള്‍, ആരോഗ്യകരമായ ബന്ധങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളിലാണ് കാമ്പയിന്‍ നടത്തുകയെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

കണ്ണൂരിലെ ജില്ലാതല അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതിയില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മൂന്ന് പരാതികള്‍ ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായി വിട്ടു. രണ്ട് പരാതി ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം ലഭ്യമാക്കാന്‍ നിര്‍ദേശിച്ചു. 45 പരാതി അടുത്ത സിറ്റിങ്ങിനായി മാറ്റി. ആകെ 67 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവിയും വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയും പരാതികള്‍ തീര്‍പ്പാക്കി. അഡ്വ. ഷിമ്മി, അഡ്വ. ചിത്തിര ശശിധരന്‍, കൗണ്‍സലര്‍ മാനസ പി ബാബു എന്നിവരും ജില്ലാതല അദാലത്തില്‍ പങ്കെടുത്തു.

Previous Post Next Post