തിരുവനന്തപുരം :- നഗരങ്ങളിൽ 2 സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന ചെറിയ വീടുകൾക്ക് വഴിയുടെ അതിർത്തിയിൽ നിന്നു വിടേണ്ട ഭൂമിയുടെ അളവ് (ഫ്രണ്ട് യാഡ് സെറ്റ് ബാക്ക്) ഒരു മീറ്ററായി കുറയ്ക്കും. 3 മീറ്റർ വരെ വീതിയുള്ള ഇടറോഡുകളുടെ അരികിലുള്ള ഭൂമിയിലാണു പുതിയ ഇളവ് ബാധകമാകുക. അതിർത്തിയിൽ നിന്ന് ഒരു മീറ്റർ വിട്ടു നിർമാണം സാധ്യമാകുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ടു വരുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കോർപറേഷൻ/മുനിസിപ്പൽ അതിർത്തിക്കുള്ളിൽ 2 സെന്റ് വരെയുള്ള ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്കാണ് ഇളവു നൽകുക.
താമസത്തിനു മറ്റു ഭൂമിയില്ലാത്ത കുടുംബങ്ങൾക്കാണു നിബന്ധനകൾക്ക് വിധേയമായി പുതിയ ഇളവ് ലഭിക്കുക. നിലവിൽ വലിയ പ്ലോട്ടുകൾക്ക് 2 മീറ്ററും 3 സെന്ററിൽ താഴെയുള്ള പ്ലോട്ടു കൾക്ക് 1.8 മീറ്ററും ആയിരുന്നു റോഡിൽ നിന്നു വിടേണ്ടിയിരുന്നത്. 2 സെന്റ്, 3 സെന്റ്, വലിയ പ്ലോട്ട് എന്നിങ്ങനെ മൂന്നായി തിരിച്ചാണോ ഭേദഗതിയെന്ന കാര്യത്തിൽ വ്യക്തതയില്ല. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും ചട്ടം ഭേദഗതി ചെയ്യുകയെന്ന് അധികൃതർ പറഞ്ഞു. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ താമസത്തിനായി ചെറിയ വീട് നിർമിച്ച് ഇനിയും വീട്ടു നമ്പർ ലഭിക്കാത്തവർക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും.