കണ്ണൂർ :- ജില്ലയിൽ ഈ വർഷം ഇതുവരെ മലമ്പനി സ്ഥിരീകരിച്ചത് 36 പേർക്ക്. ഇതിൽ 20 പേരും അതിഥിത്തൊഴിലാളികളാണ്. രോഗം ബാധിച്ച കണ്ണൂർ സ്വദേശികളായ 16 പേരിൽ 12 പേർക്കും ഇതര സംസ്ഥാനങ്ങളിൽ പോയി തിരിച്ചു നാട്ടിലെത്തിയ ശേഷമാണു രോഗം സ്ഥിരീകരിച്ചത്. 4 പേർക്ക് തദ്ദേശീയ മലമ്പനിയാണ്.
ഒഡീഷ, ജാർഖണ്ഡ്, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അതിഥിത്തൊഴിലാളികൾക്കാണു മലമ്പനി സ്ഥിരീകരിച്ചത്. മലമ്പനിക്കു കാരണമാകുന്ന പ്ലാസ്മോഡിയും പരാദമുള്ള അനോഫെലസ് കൊതുകുകൾ ഈ സംസ്‌ഥാനങ്ങളിൽ കൂടുതലാണ്. അതിഥിത്തൊഴിലാളികൾ ജില്ലയിലേക്കു തിരിച്ചെത്തുമ്പോഴെല്ലാം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്താറുണ്ട്. എന്നാൽ, പരിശോധനയ്ക്കു വിധേയരാകാത്ത അതിഥിത്തൊഴിലാളികൾ വഴിയാണ് തദ്ദേശീയർക്ക് മലമ്പനി (തദ്ദേശീയ മലമ്പനി) പടരുന്നത്.
ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ പ്രാരംഭലക്ഷണങ്ങൾ. പനി ദിവസേനയോ ഒന്നിടവിട്ട ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കും, മനം പുരട്ടൽ, ഛർദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ലക്ഷണങ്ങളാണ്. തലച്ചോറിനെ ബാധിക്കുന്ന സെറിബ്രൽ മലേറിയ തുടങ്ങിയ സങ്കീർണതകൾ അപൂർവമായി മരണത്തിലേക്കും നയിക്കുന്നു. കൊതുക് കടിയേൽക്കുന്ന തു വഴിയും മലമ്പനി രോഗിയുടെ രക്തം സ്വീകരിക്കുന്നതു വഴിയും ചുരുക്കം സന്ദർഭങ്ങളിൽ ഗർഭാവസ്ഥയിൽ അമ്മയിൽ നിന്നു കുഞ്ഞിലേക്കും മലമ്പനി പകരുന്നു.