അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പിടികൂടി നഗരസഭ അധികൃതരെ ഏൽപ്പിച്ചാൽ പ്രതിഫലം ; ഒന്നിന് ലഭിക്കുക 4000 രൂപ


തളിപ്പറമ്പ്  :- നഗരസഭയിൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പിടികൂടി നഗരസഭ അധികൃതരെ ഏൽപ്പിച്ചാൽ ഒന്നിന് 4000 രൂപ പ്രകാരം പ്രതിഫലം ലഭിക്കും. നഗരത്തിൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളുടെ ശല്യം വർധിക്കുകയും ഇവിടെ പിടികൂടാൻ ആളുകളെ കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിലുമാണ് പ്രതിഫല തുക വർധിപ്പിച്ചത്. നിലവിൽ 2500 രൂപയാണ് ഒരു പശുവിനെ പിടിച്ച് കൊടുത്താൽ ലഭിക്കുന്നത്. എന്നാൽ പശുക്കളെ പിടികൂടാനുള്ള സാഹസവും വാഹന ചിലവും കണക്കിലെടുത്ത് പ്രതിഫല തുക വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ കൗൺസിൽ യോഗത്തിലും വിഷയം ചർച്ച ചെയ്ത് പ്രതിഫലം വർധിപ്പിക്കാൻ തീരുമാനിച്ചത്. അലഞ്ഞ് തിരിയുന്ന കന്നുകാലികളുടെ ഉടമസ്‌ഥരും ഇവയെ പിടികൂടുന്നവർക്കെതിരെ ഭീഷണിയുമായി രംഗത്ത് വരാറുണ്ട്.

കഴിഞ്ഞ വർഷം കന്നുകാലികളെ പിടികൂടാൻ നഗരസഭ നിയോഗിച്ചവർക്കെതിരെ ഉടമയുടെ പരാതിയിൽ പോലീസ് കേസെടുത്ത സംഭവവും അരങ്ങേറിയിരുന്നു. തുടർന്ന് കന്നുകാലികളെ പിടികൂടുന്നത് നിർത്തി വയ്ക്കേണ്ടി വരികയും ചെയ്തു. വീണ്ടും കന്നുകാലി ശല്യം വർധിച്ചതോടെയാണ് കരാർ അടിസ്‌ഥാന ത്തിൽ ആളുകളെ നിയോഗിച്ച് ഇവയെ പിടികൂടാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ കിടാവ് ഉൾപ്പെടെയുള്ള പശുവിനെ ഉടമസ്‌ഥർ എത്താത്തതിനാൽ ഇന്ന് 3ന് നഗരസഭ ഓഫിസ് പരിസരത്ത് വച്ച് ലേലം ചെയ്ത് വിൽപന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Previous Post Next Post