വയനാട് ദുരന്തം ; ചൂരൽമല വില്ലേജ് റോഡിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി


വയനാട് :- ദുരന്തഭൂമിയിൽ ചൂരൽമല വില്ലേജ് റോഡിൽ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നത്തെ തെരച്ചിലിൽ ആകെ ലഭിച്ചത് നാല് മൃതദേഹങ്ങളാണ്. വെള്ളാർമല സ്കൂളിന് സമീപത്ത് നിന്നും ഒരു മൃതദേഹവും മേപ്പാടിയിൽ നിന്നും ഒരു മൃതദേഹവും, ചുങ്കത്തറ കൈപ്പിനിയിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. ചൂരൽമല വില്ലേജ് റോഡിൽ നിന്ന് മാത്രം ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 40 ആയി ഉയർന്നു. 

മലപ്പുറത്ത് ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകൽ ഭാഗത്ത് നിന്നും ആറ് കിലോമീറ്റർ അകലെയുളള പ്രദേശമാണിത്. പുഴയുടെ തീരത്ത് രണ്ട് കൂറ്റൻ കല്ലുകൾക്കിടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പരിസരവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് സംഘമടക്കമെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചൂരൽമല വെള്ളാർമല സ്കൂളിന് സമീപത്തു നിന്നും കണ്ടെടുത്ത മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. 10 മണിയോടെയാണ് മേപ്പാടിയിൽ തിരിച്ചിൽ സംഘം ഒരു മൃതദേഹം കണ്ടെടുത്തത്. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 295 ആയി ഉയർന്നു. 105 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.

Previous Post Next Post