തിരുവനന്തപുരം :- ഓണത്തിന് സംസ്ഥാനനത്തെ മഞ്ഞ റേഷൻ കാർഡുകാർക്ക് സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിൽ ഇത്തവണയും കശുവണ്ടിപ്പരിപ്പ് ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളായ കശുവണ്ടി വികസന കോർപ്പറേഷനും കാപ്പെക്സുമാണ് കശുവണ്ടി നൽകുന്നത്. 50 ഗ്രാമിന്റെ പാക്കറ്റാണ് കിറ്റിൽ ഉൾപ്പെടുത്തുക.
കശുവണ്ടിവികസന കോർപ്പറേഷനിൽ നിന്ന് നാലരലക്ഷം പാക്കറ്റും കാപ്പെക്സിൽ നിന്ന് ഒന്നര ലക്ഷം പായ്ക്കറ്റുമാണ് വാങ്ങുന്നത്. കോർപ്പറേഷന് ഇതിൽനിന്നു രണ്ടുകോടിയോളം രൂപയും കാപ്പെക്സിന് 70 ലക്ഷം രൂപയും ലഭിക്കും. ആവശ്യമായ പരിപ്പ് പൊതു മേഖലാ സ്ഥാപനങ്ങൾ സംഭരിച്ചിട്ടുണ്ട്.
അടുത്ത ആഴ്ച പല ഫാക്ടറികളിലായി ഇതിനുള്ള പാക്കിങ് ആരംഭിക്കുമെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു. ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി പാക്കറ്റുകൾ സിവിൽ സപ്ലൈസ് കോർപ്പറേഷന് കൈമാറും.