വയനാട് ദുരന്തം ; ചൂരൽമലയിലെ ബന്ധുവീട്ടിൽ താമസിക്കാനെത്തിയ മകളെ തേടി അച്ഛൻ , ഉറ്റവരെയും ഉടയവരെയും തിരഞ്ഞ് നാട്


വയനാട് :- ഉരുൾപ്പൊട്ടലിന്റെ നാലാംദിവസവും ഉറ്റവരെയും ഉടയവരെയും തെരഞ്ഞ് നടക്കുകയാണ് മുണ്ടക്കൈക്കാർ. എവിടെയെങ്കിലും ജീവനോടെയുണ്ടാകണമെന്ന് ആഗ്രഹിക്കുമ്പോഴും ആ പ്രതീക്ഷ ഓരോ നിമിഷം കഴിയുമ്പോഴും മങ്ങുകയാണ്. മൃതദേഹങ്ങൾ കൊണ്ടുവന്ന് കിടത്തുന്ന മേപ്പാടി കമ്മ്യൂണിറ്റി ഹാളിന് പുറത്ത് പ്രതീക്ഷ വറ്റിയ കണ്ണുകളുമായി മനുഷ്യർ കാത്തിരിക്കുകയാണ്.

മൂന്ന് വയസുകാരി സൂഹി സാഹ. ചൂരൽമലയിലുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. ഉരുൾപൊട്ടലുണ്ടാകുമ്പോൾ ആ വീട്ടിലുണ്ടായിരുന്നത് 13 പേരാണ്. അതിൽ അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. സൂഹി അടക്കം എട്ട് പേർ എവിടെ എന്നറിയില്ല. അച്ഛൻ റൗഫ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിന് പുറത്ത് കാത്തിരിക്കുകയാണ്. പൊന്നുമോളെ കുറിച്ച് എന്തെങ്കിലും ഒരു സൂചന പ്രതീക്ഷിച്ച്. ഭാര്യയുടെ ചേച്ചിയുടെയും അവരുടെ ഭർത്താവിന്റെയും മൃതദേഹം കണ്ടെത്തി. അവരുടെ അനിയന്റെ ശരീരം കിട്ടിയത് നിലമ്പൂരിൽ നിന്നാണ്. പുറത്തിറങ്ങി ഓടിയപ്പോൾ മലവെള്ളം കൊണ്ടുപോയതാവാം.

Previous Post Next Post