കൊളച്ചേരി:- 'അച്ചാച്ചൻ എന്തിനാ കൃഷിക്കാരനായെ?' ആഷ്നയുടേതാണ് ചോദ്യം.മനുഷ്യൻ്റെ ഏറ്റവും വലിയ പ്രശ്നം വിശപ്പാണ്. വിശപ്പു മാറാൻ വയറു നിറയണം.അതിന് അന്നം വേണം. കൃഷി ചെയ്താലേ അന്നമുണ്ടാവൂ. ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. എല്ലാം നോക്കി നടത്തണമെങ്കിൽ വേറെ വഴിയില്ല.എട്ടാം ക്ലാസിൽ പഠിത്തം നിർത്തി. പിന്നെ മുഴുവൻ സമയ കൃഷിക്കാരൻ. നെല്ല്, തെങ്ങ് കവുങ്ങ്, കുരുമുളക്,വാഴ, പച്ചക്കറികൾ എള്ള്, മുതിര ഉഴുന്ന് എല്ലാം കൃഷി ചെയ്യും. കൂടാതെ പശുവളർത്തലും.
കുട്ടികളുടെ തുടരെയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേ അതിലൂടെ നാടിൻ്റെ ചരിത്രവും സംസ്കാരവും കാലാവസ്ഥയും ഭൂപ്രകൃതിയും കൃഷിയറിവുകളുമെല്ലാം അനാവരണം ചെയ്യപ്പെട്ടു.
'കൃഷി ചെയ്ത് ഉണ്ടാക്കുന്ന നെല്ല് പുറമേ കൊടുക്കാറുണ്ടോ? 'ചോദ്യം സാൻവിയ ഷിജിലിൻ്റേത്. വാരം കൂടി കൊടുത്തു കഴിഞ്ഞാൽ പിന്നെ സ്വന്തം ആവശ്യത്തിനു കൂടി തികയില്ല. ഉത്തരം. അപ്പോൾ ഉടനെ വന്നു ചോദ്യം 'എന്താണ് വാരം?' കൃഷി ഭൂമിയെല്ലാം ഇല്ലത്തുകാരുടെ ജന്മമാണ്. വിളവിൽ ഒരു നിശ്ചിതഭാഗം അവർക്ക് കൊടുക്കണം. അതാണ് വാരം. അതു കൊടുത്തില്ലെങ്കിൽ പിന്നെ കൃഷി നടത്താൻ ഭൂമി തരില്ല.പിന്നീട് കൃഷിഭൂമി കൃഷിക്കാരന് നൽകുന്ന ഭൂപരിഷ്കരണം വന്നപ്പോഴാ എല്ലാം മാറിയത്.
'ചിങ്ങം എക്സ്പ്രസ് 'എന്ന പേരിൽ നടന്ന കർഷക ദിനാചരണത്തിൽ ഗ്രാമത്തിലെ മുതിർന്ന കർഷകനായ ചാത്തമ്പള്ളി കുഞ്ഞിക്കണ്ണനെ ആദരിക്കാൻ ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂളിൽ നടന്ന ചടങ്ങാണ് ഇതിന് വേദിയായി മാറിയത്. അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.എസ്. എസ്.ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ അധ്യക്ഷനായി. എസ് എസ് ജി വൈസ് ചെയർമാൻ കെ വി.ശങ്കരൻ സംസാരിച്ചു. കൊളച്ചേരി പഞ്ചായത്തിലെ മികച്ച വിദ്യാർഥികർഷക പുരസ്കാരം നേടിയ നാലാം തരം വിദ്യാർഥി അൻവിയ. ടി യെ ചടങ്ങിൽ അനുമോദിച്ചു. പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ സ്വാഗതവും കെ.പി.നിതിഷ ടീച്ചർ നന്ദിയും പറഞ്ഞു.