കുറ്റ്യാട്ടൂർ :- മയ്യിൽ - ചാലോട് പ്രധാന റോഡിൽ സൂപ്പിപ്പീടീകയ്ക്കു സമീപം കൊടും വളവുകളിൽ റോഡിനൊപ്പം വളർന്നു നിൽക്കുന്ന കാടുകൾ അപകടഭീഷണി ഒരുക്കുന്നു. എതിരെ വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ പറ്റാത്ത വിധം പൂർണമായും കാടുമൂടിയിരിക്കുകയാണ്. കാടുകൾ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരു പോലെ അപകടഭീഷണിയാണ്.
റോഡിൽ കാലങ്ങളായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ കൊടും വളവ് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കാനും തയാറായിട്ടില്ല. അരകിലോമീറ്ററോളം ഭാഗങ്ങളാണ് കാടുമൂടി നിലകൊള്ളുന്നത്. വിജനമായ പ്രദേശമായതിനാൽ ആളുകൾക്ക് ഇവിടെ മാലിന്യം തള്ളാനുള്ള ഇടമാക്കി മാറ്റുകയാണ് . അറവുശാല മാലിന്യങ്ങൾ അടക്കം തള്ളുന്നത് കാരണം പ്രദേശം തെരുവുനായ്ക്കളുടെ ശല്യം ഏറുകയാണ്. കാടുകൾ പാമ്പുകളുടെ ആവാസ കേന്ദ്രവുമാണ്. കാടുമൂടിയ കൊടുംവളവുകളിൽ ചില ഭാഗത്ത് പേരിനു തെരുവു വിളക്കുകൾ ഉണ്ടെങ്കിലും പ്രകാശിക്കുന്നത് വല്ലപ്പോഴും മാത്രമാണെന്ന് നാട്ടുകാർ പറയുന്നു.