കണ്ണൂർ :- കോർപ്പറേഷൻ പരിധിയിൽ തദ്ദേശീയ മലമ്പനി കേസുകൾ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. രണ്ടു മാസത്തിനിടെ കോർപറേഷൻ പരിധിയിൽ 6 മലമ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ തായത്തെരുവിലാണു മൂന്ന് കേസുകൾ. ആയിക്കരയിൽ രണ്ടു കേസുകളുണ്ടായിരുന്നു. അതിഥിത്തൊഴിലാളികൾക്കിടയിലും രോഗം സ്ഥിരീകരിച്ചിരുന്നു.
കേസുകൾ വർധിച്ച സാഹചര്യത്തിൽ കോർപറേഷന്റെ 25 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയതിനു പുറമേ, പനിബാധിതർ, രാത്രി ജോലി ചെയ്യുന്ന കടയുടമകൾ, തൊഴിലാളികൾ എന്നിവർക്കിടയിലും പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. രാത്രിയിൽ കൊതുകു സാന്ദ്രത കൂടുതലുള്ളതിനാലാണിത്. കണ്ടെയ്ൻമെന്റ് സോണാക്കിയ ഇടങ്ങളിലെ കൊതുകു സാന്ദ്രതയും പരിശോധിക്കുന്നുണ്ട്.
ഫോഗിങ്ങിനു പുറമേ, കൊതുകുകളെ നശിപ്പിക്കുന്നതിനായി ചുമരുകളിലും കൊതുകുകളെ തുരത്തുന്ന സ്പ്രേ തളിക്കുന്നുണ്ട്. മലമ്പനി പടർത്തുന്ന അനോഫിലിസ് വിഭാഗത്തിൽപെട്ട കൊതുകുകൾ ചുമരുകളിലാണു പലപ്പോഴും വിശ്രമിക്കാൻ തങ്ങുക. സ്പ്രേ തളിക്കുന്നതു വഴി ചുമരുകളിൽ തങ്ങാനെത്തുന്ന കൊതുകുകൾ നശിക്കും. ഒറ്റത്തവണ സ്പ്രേ ഉപയോഗിച്ചാൽ ആറു മാസം വരെ ഗുണം ലഭിക്കും. എന്നാൽ ഗ്ലോസി പെയിന്റടിച്ചിട്ടുള്ള ഹോട്ടലുകളിലും മറ്റു കെട്ടിടങ്ങളിലും ഈ രീതി ഫല പ്രദമാകണമെന്നില്ല. അതിനാൽ, ഇത്തരം കെട്ടിട ങ്ങളിൽ കൊതുകു കയറാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.