കൊളച്ചേരി :- ജൂലൈ 24 ന് രാത്രി 12 മണിയോടുകൂടി ഉണ്ടായ കാറ്റിലും മഴയിലും കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുണ്ടായ വൈദ്യുതി പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ച് KSEB. വലിയ നാശനഷ്ടങ്ങളാണ് സെക്ഷൻ പരിധിയിലുണ്ടായത്. 9 എച്ച് ടി പോസ്റ്റുകളും 121 എൽ ടി പോസ്റ്റുകളും മരങ്ങൾ വീണു പൊട്ടി. കൂടാതെ 300 ൽ പരം സ്ഥലങ്ങളിൽ കമ്പികൾ പൊട്ടിയിരുന്നു. മരങ്ങൾ നാട്ടുകാരും ജീവനക്കാരും ചേർന്ന് മുറിച്ച് മാറ്റി. അതിനാൽ ഒരു ദിവസം കൊണ്ട് തന്നെ കൊളച്ചേരി സെക്ഷനിലെ എല്ലാ HT ലൈനുകളും ചാർജ് ചെയ്യാൻ സാധിച്ചിരുന്നു. ആദ്യ ദിവസം തന്നെ 75 ൽ അധികം ട്രാൻസ്‌ഫോർമറുകളും ചാർജ് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ബാക്കിയുള്ള ട്രാൻസ്ഫോർമകളുടെ എൽ ടി ലൈനുകൾ കമ്പികൾ പൊട്ടി നിലത്ത് കിടക്കുന്നില്ല എന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ചാർജ് ചെയ്തത്. നഷ്ടങ്ങളുടെ വ്യാപ്തി മനസ്സിലായതിനു ശേഷമുള്ള തുടർന്നുള്ള ദിവസങ്ങളിൽ പോസ്റ്റുകൾ പൊട്ടിയതും കമ്പികൾ പൊട്ടിയതും താൽക്കാലികമായി വയറിട്ട് നൽകി എല്ലാവർക്കും വൈദ്യുതി കൊടുക്കുവാൻ കഴിഞ്ഞദിവസത്തോടെ സാധിച്ചു.
കൊളച്ചേരി സെക്ഷനിലെ ജീവനക്കാർക്ക് പുറമേ വളപട്ടണം, ബർണ്ണശ്ശേരി, അഴീക്കോട്, പള്ളിക്കുന്ന്, കണ്ണൂർ, ചൊവ്വ സെക്ഷനുകളിലെ ജീവനക്കാരും സൊസൈറ്റി, അഴിക്കോട്, ചൊവ്വ സെക്ഷനുകളിലെ കോൺട്രാക്റ്റർ ടീമും എത്തിച്ചേർന്നപ്പോൾ ഇന്നലെയോടു കൂടി സെക്ഷനിലെ ഉപഭോക്താകൾക്ക് വൈദ്യുതി എത്തിക്കുവാൻ സാധിച്ചു. കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതിന് നോർത്ത് മലബാർ (കണ്ണൂർ )ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ , ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുധീർ , എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലാകുമാരി , അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷിജു എന്നിവർ സെക്ഷൻ ഓഫീസിലെത്തി മേൽനോട്ടം നൽകിയിരുന്നു. ജീവനക്കാർക്ക് ആവശ്യമായ മെറ്റീരിയലുകൾ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.