മംഗളൂരു :- കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇത്തവണ പുഷ്പരഥോത്സവം മഹാനവമി നാളായ ഒക്ടോബർ 11- ന് രാത്രി നടക്കും. ഒക്ടോബർ 12-ന് വിജയദശമി നാളിൽ വിദ്യാരംഭം. നാളുകളുടെ ദൈർഘ്യത്തിൽ (നാഴിക) വന്ന മാറ്റപ്രകാരം മലയാള കലണ്ടറുകളിൽ 12-നാണ് മഹാനവമി. എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 11-നാണ് മഹാനാവമി ആഘോഷിക്കുന്നതെന്നും അന്ന് രാത്രി 9.30-ന് വൃഷഭലഗ്‌നത്തിൽ പുഷ്പരഥോത്സവം നടക്കുമെന്നും തന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ പറഞ്ഞു.
12-ന് വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നു മുതൽ വിദ്യാരഭം തുടങ്ങും. കൊല്ലൂരിൽ മഹാനവമി ആഘോഷങ്ങൾക്ക് ഒക്ടോബർ മൂന്നിന് തുടക്കമാവും. നാളുകളുടെ നാഴികയിൽ വന്ന മാറ്റപ്രകാരം കലണ്ടർ നോക്കി ഒട്ടേറെ ഭക്തർ മുറികൾക്കും മറ്റു പൂജകൾക്കുമായി ഒക്ടോബർ 12, 13 ദിവസങ്ങളാണ് മുൻകൂറായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നത്.