ജീവിത ശൈലി രോഗങ്ങൾ നിസാരമല്ല ; ആരോഗ്യ വകുപ്പിന്റെ സ്കാനിങ്ങിൽ 1,668 പേർക്ക് പ്രമേഹം, 19,741 പേര്‍ക്ക് ഉയർന്ന ബിപി

 


തിരുവനന്തപുരം :- ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. തുടര്‍ന്നാണ് ടിബി, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തി 'ശൈലി- 2' ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ശൈലി- 2 വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ആകെ 25,43,306 പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി. ഇതില്‍ 49.04 ശതമാനം പേര്‍ക്ക് (12,47,262) ഏതെങ്കിലുമൊരു ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. രക്താദിമര്‍ദ സാധ്യതയുള്ള 95,525 പേരുടെ പരിശോധന നടത്തിയതില്‍ 19,741 (20.7 ശതമാനം) പേര്‍ക്ക് രക്താതിമര്‍ദവും പ്രമേഹ സാധ്യതയുള്ള 98,453 പേരെ പരിശോധിച്ചതില്‍ 1668 (1.7 ശതമാനം) പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി. കാന്‍സര്‍ സാധ്യതയുള്ള 61,820 പേരെ കണ്ടെത്തി തുടര്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തു. 87,490 പേരെ ടിബി പരിശോധനയ്ക്കായും 1,12,938 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫര്‍ ചെയ്തു. 29,111 കിടപ്പ് രോഗികളേയും പരസഹായം ആവശ്യമുള്ള 47,221 പേരേയും 8,36,692 വയോജനങ്ങളേയും സന്ദര്‍ശിച്ച് ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ സേവനങ്ങള്‍ ഉറപ്പാക്കി വരുന്നു.

Previous Post Next Post