എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ NCP തീരുമാനം; ഒക്ടോബർ 3ന് മുഖ്യമന്ത്രിയെ കാണുമെന്ന് NCP അധ്യക്ഷൻ

തിരുവനന്തപുരം:-എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. മൂന്നാം തീയതി എ കെ ശശീന്ദ്രനും തോമസ് കെ തോമസിന് ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും പിസി ചാക്കോ വ്യക്തമാക്കി. 

മന്ത്രിസ്ഥാനത്തിൻറെ പേരിലുള്ള തർക്കം എൻസിപിയെ പിളർപ്പിലേക്കെത്തിക്കുമോ എന്ന ചർച്ചയ്ക്കിടെയാണ് പിസി ചാക്കോ നിലപാട് വ്യക്തമാക്കിയത്. ശശീന്ദ്രനെ മാറ്റുന്നതിനെ എതിർത്ത് തൃശൂരിൽ യോഗം വിളിച്ച വൈസ് പ്രസിഡണ്ട് പികെ രാജൻ മാസ്റ്ററെ ചാക്കോ സസ്പെൻഡ് ചെയ്തിരുന്നു. വിമതയോഗം എന്ന നിലക്കുള്ള നടപടി ശശീന്ദ്രനെ അനുകൂലിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. പക്ഷെ ചാക്കോയുടെ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കിയാണ് ശശീന്ദ്രന്റെ മറുപടി. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചാക്കോക്ക് അയച്ച കത്ത് ശശീന്ദ്രൻ പരസ്യമാക്കിയതും പിന്നോട്ടില്ലെന്ന സന്ദേശം നൽകുന്നു.

കാരണം കാണിക്കൽ നോട്ടീസ് പോലുമില്ലാതെ എടുത്ത നടപടിക്കെതിരെ ശശീന്ദ്രൻ പക്ഷം പവാറിന് കത്ത് നൽകിയിട്ടുണ്ട്. നടപടി പിൻവലിച്ചില്ലെങ്കിൽ കടുപ്പിക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിൻറെ നീക്കം. ശശീന്ദ്രനെ മാറ്റാനുള്ള പിസി ചാക്കോയുടെയും തോമസ് കെ തോമസിൻറെയും നീക്കമാകട്ടെ ഇനിയും ഫലം കണ്ടിട്ടില്ല.

Previous Post Next Post