ആറന്മുള - ഉത്രട്ടാതി ജലമേളയ്ക്ക് ആവേശത്തുടക്കം ; ജല ഘോഷയാത്രയിൽ പങ്കെടുത്തത് 52 പള്ളിയോടങ്ങൾ
പത്തനംതിട്ട :- ചരിത്ര പ്രസിദ്ധമായ ആറന്മുള - ഉത്രട്ടാതി ജലമേളക്ക് തുടക്കം. വർണാഭമായ ജല ഘോഷയാത്രയോടെയാണ് ഇത്തവണത്തെ ജലമേള തുടങ്ങിയത്. 52 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിൽ പങ്കെടുത്തു. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി നടത്തുന്നത്. ജലമേളയ്ക്ക് തുടക്കം കുറിച്ച് രാവിലെ ഒമ്പതരയോടെ കളക്ടർ പതാക ഉയർത്തി. ജല ഘോഷയാത്രയ്ക്ക് പിന്നാലെ മത്സര വള്ളംകളി നടക്കും. ഇക്കുറി നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ ടൈമിങ് അടിസ്ഥാനത്തിലാണ് മത്സരം. ഫിനിഷിങ് പോയിന്‍റായ സത്രക്കടവിൽ ഓരോ വള്ളവും കുതിച്ചെത്തുന്ന സമയം രേഖപ്പെടുത്തും. ചുരുങ്ങിയ സമയത്തിൽ തുഴഞ്ഞെത്തിയ നാല് പള്ളിയോടങ്ങൾ ഫൈനലിൽ പ്രവേശിക്കും. എ - ബി ബാച്ചുകളിലായുള്ള വള്ളംകളി മത്സരത്തിൽ 50 പള്ളിയോടങ്ങളും പങ്കെടുക്കുന്നുണ്ട്. ജലമേളയ്ക്ക് പകിട്ടേകി നേവിയുടെ അഭ്യാസ പ്രകടനവും കലാരൂപങ്ങളും ദൃശ്യാവിഷ്കാരവും പമ്പയാറ്റിൽ നടന്നു.