കണ്ണൂർ:-കണ്ണൂർ താലൂക്കിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ കുണ്ടൻചാൽ സങ്കേതത്തിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശത്തെ ഏഴ് കുടുംബങ്ങളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം 70 ലക്ഷം രൂപ അനുവദിച്ചു.
കുണ്ടൻചാൽ സങ്കേതത്തിൽ മഴക്കാലത്ത് മണ്ണൊലിപ്പ് കാരണം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും പ്രദേശവാസികളുടെ വീടിനും, ജീവനും സംരക്ഷണം ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഴീക്കോട് എംഎൽഎ കെ വി സുമേഷും ചിറക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് സർക്കാർ ധനസഹായം അനുവദിച്ചത്. ഒരു കുടുംബത്തിന് ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് വെക്കുന്നതിന് നാല് ലക്ഷം രൂപയും ചേർത്ത് ആകെ 10 ലക്ഷം രൂപ എന്ന നിരക്കിൽ ആകെ 70 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകുക.
പ്രദേശത്തെ 34 കുടുംബങ്ങളിൽ പ്രദേശത്തുനിന്ന് പുനരധിവാസത്തിന് സമ്മതമാണെന്ന് അറിയിച്ച ഏഴ് കുടുംബങ്ങൾക്കാണ് ധനസഹായം അനുവദിച്ചത്. കുണ്ടൻചാൽ സങ്കേതത്തിലെ ഗുരുനാഥൻ എസ്, ജാനകി എ. അറിങ്ങളയൻ ഹൗസ്, ജയശ്രീ കെ, കല്ലെൻ ഹൗസ്, രജ്ഞിത്ത് കെ.വി കുഞ്ഞിവളപ്പിൽ ഹൗസ്, സീത കെ കൊയിലേരിയൻ ഹൗസ്, ഗോപാലൻ എം മടക്കുടിയൻ ഹൗസ്, രാമകൃഷ്ണൻ എ എടച്ചേരിയൻ ഹൗസ് എന്നിവർക്കാണ് ധനഹായം ലഭിക്കുക.
നിരന്തരമായ അപേക്ഷകളുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ നിർദേശ പ്രകാരം ഡെപ്യൂട്ടി കളക്ടറു(ഡി.എം)ടെയും, എസ്സി ഡെവലപ്പ്മെന്റ് ഓഫീസറുടെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ പ്രദേശത്തെ വിഷയം ഗൗരവമേറിയതാണെന്ന് ബോധ്യപ്പെട്ടിരുന്നു. തുടർന്ന് മണ്ണിടിച്ചിലിന് പരിഹാരം ഉണ്ടാക്കാനായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കോഴിക്കോടിന്റെ ഒരു സംഘം പ്രദേശം സന്ദർശിച്ചു പഠനം നടത്തി. പ്രദേശത്തെ ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കുന്നതാണ് ഉചിതമെന്ന് സംഘം നിർദേശിച്ചു. ചിറക്കൽ വില്ലേജ് പൊതുവിൽ സമതലം വിഭാഗത്തിൽ ഉൾപ്പെട്ടതാണെങ്കിലും കുണ്ടൻചാൽ സങ്കേതത്തിൽ വീടുകൾ സ്ഥിതി ചെയുന്നത് ചെരിഞ്ഞ തട്ട് തട്ടുകളായ പ്രദേശത്താണെന്നാണ് റിപ്പോർട്ട് ചെയ്തത്.
പ്രദേശത്തെ മണ്ണിടിച്ചൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾ സ്വന്തമായി മറ്റു ഭൂമി കൈവശമില്ലാത്തവരും കുടുംബത്തിന് സ്ഥിര വരുമാനമില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ആണെന്നും ജില്ലാ കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രദേശത്തെ സംരക്ഷിക്കാൻ കെ വി സുമേഷ് എംഎൽഎയുടെയും ചിറക്കൽ പഞ്ചായത്തിന്റേയും നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗ തീരുമാനപ്രകാരം ജില്ലാ കലക്ടറെ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എൻഐടിയിലെ വിദഗ്ദ സംഘം പഠനം നടത്തിയത്. കെ വി സുമേഷ് എംഎൽഎ 2023 ആഗസ്റ്റ് ഒമ്പതിന് ഈ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജനും എംഎൽഎയെ അറിയിച്ചിരുന്നു. ഭൂമിയും വീടുമില്ലാത്ത തൊഴിലാളികൾക്കുവേണ്ടി സർക്കാർ ചെലവിൽ ഏറ്റെടുത്തതാണ് ചിറക്കൽ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കുണ്ടൻചാൽ സങ്കേതം.