ശ്രീകണ്ഠപുരം :- കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് ഈ വർഷത്തെ അവാർഡുകൾ അധ്യാപക ദമ്പതിമാർക്ക്. ചെങ്ങളായി എം.എൽ.പിയിലെ മുൻ പ്രധാന അധ്യാപകൻ ഇ.പി മധുസൂദനനും ഭാര്യ പി.കെ പ്രേമലതയ്ക്കുമാണ് പുരസ്കാരം ലഭിച്ചത്. 30 വർഷത്തിലധികമായി സ്കൗട്ട് രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മധുസൂദനൻ സംസ്‌ഥാനത്തിനകത്തും പുറത്തും അധ്യാപകർക്ക് പരിശീലനങ്ങൾ നൽകുകയും അനേകം ക്യാംപുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെഡൽ ഓഫ് മെറിറ്റ് അവാർഡാണ് മധുസൂദനന് ലഭിച്ചത്.
സംസ്‌ഥാന തലത്തിലും ദേശീയ തലത്തിലും കബ്ബ് ബുൾ ബുൾ ഉത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ സ്കൗട്ട് ആൻഡ് ഗൈഡ്‌സ് കബ്ബ് വിഭാഗത്തിൽ ലീഡർ ട്രെയിനറാണ്. ജില്ലാ സെക്രട്ടറി, ജില്ലാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയുടെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സ്കൗട്ട് വിഭാഗം ഡിസ്ട്രിക്ട് ട്രെയ്‌നിങ് കമ്മിഷണറായി ഇപ്പോൾ സേവനം ചെയ്യുന്നു. ചെങ്ങളായി എം.എൽ.പി സ്‌കൂളിലെ അധ്യാപികയായ പി.കെ പ്രേമലതയ്ക്ക് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഈ വർഷത്തെ ലോങ് സർവീസ് അവാർഡാണ് ലഭിച്ചത്. 20 വർഷക്കാലമായി വിദ്യാലയ ത്തിൽ ബുൾബുൾ ഫ്ലോക്കിൻ്റെ ലീഡറായി സേവനം ചെയ്യുന്നു.