തിരുവനന്തപുരം :- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാൻ സെക്രട്ടറിമാർക്കുള്ള മാർഗരേഖ ഓണത്തിനുശേഷം. കഴിഞ്ഞദിവസം ത്രിതലപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് വിജ്ഞാപനമിറങ്ങിയിരുന്നു. മുനിസിപ്പാലിറ്റുകളുടെയും കോർപ്പറേഷനുകളിലെയും ഉടനുണ്ടാകും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അധ്യക്ഷനായ ഡിലിമിറ്റേഷൻ കമ്മിഷൻ്റെ അടുത്തയോഗം ഓണം അവധി തീരുന്നമുറയ്ക്കു നടക്കും. മാർഗരേഖ ചർച്ചചെയ്യും. തുടർന്ന് ഉദ്യോഗസ്ഥർക്ക് പരിശീലനവും കളക്ടർമാരുടെ യോഗവും നടക്കും.
കമ്മിഷൻ വീണ്ടും യോഗം ചേർന്നാണ് മാർഗരേഖ അന്തിമമാക്കുന്നതും അതിർത്തി നിശ്ചയിക്കുന്നതിനുള്ള സമയക്രമം തീരുമാനിക്കുന്നതും. കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് ഒരു ഡിവിഷനേ കൂടൂകയുള്ളൂ. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഒന്നിലധികം ഡിവിഷനുകൾ വർധിക്കും. പരമാവധി ഡിവിഷനുകളുടെ എണ്ണം 101 ആയതിനാലാണ് തിരുവനന്തപുരത്ത് ഒരെണ്ണം മാത്രം കൂടുന്നത്.