തിരുവനന്തപുരം :- റേഷൻ കാർഡ് അംഗങ്ങളുടെ മസ്‌റ്ററിങ് നാളെ പുനരാരംഭിക്കും. പ്രധാനമായും മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്‌റ്ററിങ്ങാണു നടത്തുന്നത്. മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല കാർഡ് അംഗങ്ങളുടെ മസ്‌റ്ററിങ് തീയതി പിന്നീടു പ്രഖ്യാപിക്കും. ഫെബ്രുവരി മുതൽ മാർച്ച് 17 വരെയായി മുൻഗണനാ കാർഡുകളിലെ 45.87 ലക്ഷം പേരാണ് ഇതുവരെ മറിങ് നടത്തിയത്. മഞ്ഞ, പിങ്ക് കാർഡുകളിലായി 1.07 കോടി അംഗങ്ങളാണ് ഇനി മസ്‌റ്റർ ചെയ്യാനുള്ളത്. ഇതര സംസ്ഥാനങ്ങളിലോ മറ്റു ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്കു അവിടെയുള്ള റേഷൻ കടകളിൽ മസറിങ് നടത്താം.
മഞ്ഞ, പിങ്ക് കാർഡുകാർക്ക് മുൻഗണന നൽകി മസ്റ്ററിങ് നടത്താനാണ് ഭക്ഷ്യ- പൊതുവിതരണ കമ്മിഷണറുടെ നിർദേശം. ഇതിനായി റേഷൻ കടകൾക്കു പുറമേ സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങി സൗകര്യപ്രദമായ സ്‌ഥലങ്ങളിൽ ക്യാംപുകളും നടത്താം. റേഷൻ വിതരണം തടസ്സപ്പെടരുത്. കിടപ്പ് രോഗികളുടെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെയും വീടുകളിലെത്തും. ഒക്ടോബർ 8ന് മസ്റ്ററിങ് പൂർത്തിയാക്കി 15നു മുൻപ് കേന്ദ്രത്തിനു റിപ്പോർട്ട് നൽകുകയാണു ലക്ഷ്യം. അന്തിമ റിപ്പോർട്ട് ഒക്ടോബർ 9ന് താലൂക്ക് സപ്ലൈഓഫിസർമാർ ജില്ലാ സപ്ലൈ ഓഫിസർക്ക് നൽകണം.