കണ്ണൂർ :- ഓണാഘോഷങ്ങളോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയിൽ പരിശോധനകൾ കർശനമാക്കി. തലശ്ശേരി, പയ്യന്നൂർ, തളിപ്പറമ്പ് മേഖലകളിൽ മൂന്ന് സ്വാഡുകളായി പരിശോധന ആരംഭിച്ചു. തിങ്കളാഴ്ച 56 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച നാല് കടകൾ അടപ്പിച്ചു. 10 കടകൾക്ക് പിഴ ചുമത്തി. രണ്ടു കടകൾക്ക് തിരുത്തലുകൾ വരുത്താൻ നിർദേശം നൽകി.
മാർക്കറ്റുകൾ, ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കിങ് യൂണിറ്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധനകളുണ്ടാവും. ഭക്ഷ്യ സുരക്ഷാവകുപ്പ് അസി.കമ്മിഷണർ കെ.പി മുസ്തഫയുടെ നേതൃത്വത്തിലാണ് പരിശോധനകൾ. ജില്ലയിൽ പലയിടങ്ങളിലും ഓണം വരെ പ്രത്യക പരിശോധന തുടരും. ഓണത്തിന് സദ്യ, പായസം എന്നിവ ഉണ്ടാക്കി വിൽക്കുന്നവർ ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ ഉറപ്പാക്കണം.