ബദരിനാഥ് ക്ഷേത്രത്തിൽ നൈബ് റാവലായി മലയാളിയായ പെരിങ്ങോട് സൂര്യരാഗ് നമ്പൂതിരി


കണ്ണൂർ :- വിശ്വപ്രസിദ്ധമായ ബദരിനാഥ് ക്ഷേത്രത്തിൽ നൈബ് റാവലായി ബ്രഹ്മശ്രീ പെരിങ്ങോട് സൂര്യരാഗ് നമ്പൂതിരിക്ക് താത്ക്കാലികനിയമനം. കോഴിക്കോട് കൽപ്പത്തുരിൽ പെരിങ്ങോട് ഗോവിന്ദൻ നമ്പൂതിരിയുടേയും സത്യഭാമ അന്തർജ്ജനത്തിന്റെയും പുത്രനാണ്. കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗ്രാമത്തിലെ കുളപ്രം ദേശത്താണ് തറവാട്ടില്ലം. ഇവരുടെ പരമ്പര കാശ്യപഗോത്രക്കാരും രാഘവപുരം സഭായോഗക്കാരും ആണ്. ഇവർ കൃഷ്ണ‌യജുർവേദ തെത്തിരീയശാഖയും ബൗധായനസുത്രവും പിന്തുടരുന്നു.

ഡൽഹി ആസ്ഥാനമായുള്ള കേന്ദ്ര സംസ്കൃത സർവകലാശാലയിൽ നിന്ന് സംസ്കൃതസാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സൂര്യരാഗ് നമ്പൂതിരി സ്വപിതാവിൽ നിന്നാണ് പാരമ്പര്യരീതിയിൽ പൂജാവിധികൾ അഭ്യസിച്ചത്. ബദരീനാഥിലെ മുഖ്യപുരോഹിതനാണ് റാവൽജി. ഉപപുരോഹിതനാണ് നൈബ് റാവൽ. 

ഒരു ദശകത്തിലേറെ റാവൽ സ്ഥാനം വഹിച്ച ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരി കഴിഞ്ഞ ജൂലൈ മാസത്തിൽ സ്വമേധയാ സ്ഥാനമൊഴിഞ്ഞിരുന്നു. 2019 മുതൽ നൈബ് റാവലായിരുന്ന കുളപ്രത്ത് വാരണക്കോട് അമർനാഥ് നമ്പൂതിരിയെ റാവൽ പദവിയിലേക്ക് നിയോഗിച്ചു. ഇതേത്തുടർന്ന് നൈബ് റാവൽ പദവിയിൽ വന്ന ഒഴിവിലേക്കാണ് 25കാരനായ സൂര്യരാഗ് നമ്പൂതിരിയെ തെരഞ്ഞെടുത്തിരിക്കുന്നത്. തെഹ്രി മഹാരാജാവിന്റെ അനുജ്ഞ പ്രകാരം ബദരീനാഥ് കേദാർനാഥ് മന്ദിർ സമിതിയാണ് ചുരുക്കപ്പട്ടികയും അഭിമുഖവും അടക്കമുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ശ്രീരാഘവപുരം സഭായോഗത്തിൽ നിന്ന് ഇത്തവണ നാമനിർദേശം ചെയ്ത മൂന്നു പേരിൽ ഒരാളായിരുന്നു സൂര്യരാഗ് നമ്പൂതിരി.

Previous Post Next Post