കണ്ണൂർ :- റെയിൽവേ സ്റ്റേഷനുകളിൽ ചക്രക്കസേരയ്ക്ക് പകരം ബാറ്ററി കാർ (ബാറ്ററി ഓപ്പറേറ്റഡ് കാർ/കാർട്ട് -ബി.ഒ.സി) ഓടിക്കും. കണ്ണൂർ, വടകര, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിൽ ഇതിനായി ഇ-ടെൻഡർ വിളിച്ചു.
തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം, തൃശ്ശൂർ, ആലുവ എന്നിവിടങ്ങളിലും നടത്തിപ്പിനുള്ള ടെൻഡർ വിളിച്ചു. ഈ വർഷം ഇന്ത്യയിലെ 316 സ്റ്റേഷനുകളിലാണ് ടെൻഡർ വിളിച്ചത്. അംഗപരിമിതർ, ഗർഭിണികൾ, രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണം ലഭിക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ സ്റ്റേഷനുകളിലാണ് ഈ സംവിധാനം തുടങ്ങിയത്.