ന്യൂഡൽഹി :- കേന്ദ്രബജറ്റിൽ ഇറക്കുമതിച്ചുങ്കം കുറച്ചതിന് പിന്നാലെ അർബുദ മരുന്നുകൾക്കുള്ള ജി.എസ്.ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറച്ച് ജി.എസ്.ടി കൗൺസിൽ. ട്രാസ്റ്റസുമാബ് ഡെറുക്സ്‌റ്റീകാൻ (Trastuzumab Deruxtecan), ഒസീമെർടിനിബ് (Osimertinib), ഡുർ വാല്യുമാബ് (Durvalumab) എന്നീ മരുന്നുകൾക്കാണ് നികുതി കുറച്ചത്.
മിക്സ്‌ചർ പോലെയുള്ള ഇനം (നംകീൻ) പലഹാരങ്ങളുടെ നികുതി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി. ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾക്ക് നികുതി ചുമത്തുന്നത് പരിശോധിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന 54-ാമത് കൗൺസിൽ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാലും സമിതിയിലുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള ഗവേഷണ ഫണ്ടുകളെ പൂർണമായും നികുതിയിൽനിന്ന് ഒഴിവാക്കാൻ യോഗം തീരുമാനിച്ചു.