കണ്ണൂർ :- ഇൻഡിഗോ വിമാന കമ്പനിയെ ബഹിഷ്ക്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനാണ് രണ്ടു വർഷത്തിനുശേഷം ഇ.പി ഇൻഡിഗോയിൽ കയറിയത്.
ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിക്ക് പോയത്.ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് ഇ.പി ബഹിഷ്കരിച്ചത്.
സീതാറാം യെച്ചൂരി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അടുത്തുവരാൻ തന്റെ തീരുമാനം തടസമാകാൻ പാടില്ല എന്നതുകൊണ്ടാണ് അതിൽ മാറ്റംവരുത്തിയതെന്ന് ഇ പി ജയരാജൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
താൻ നടത്തിയ ഒരു സമരമായി ഇൻഡിഗോ ബഹിഷ്കരണത്തെ കണ്ടാൽമതി. എന്നാൽ സമര രീതിയെക്കാൾ വലുതാണ് തനിക്ക് സീതാറാം യെച്ചൂരി. അതുകൊണ്ടുതന്നെ മറ്റൊന്നും കണക്കിലെടുക്കുന്നില്ല. ആ വലിയ മനുഷ്യന്റെ്റെ, വിപ്ലവകാരിയുടെ, കമ്യൂണിസ്റ്റ് നേതാവിൻ്റെ മൃതദേഹം നേരിൽക്കണ്ട് അദ്ദേഹത്തോടുള്ള ബഹുമാനം കാണിക്കാനും ദുഃഖം രേഖപ്പെടുത്താനുമാണ് ഏറ്റവുമധികം പ്രാധാന്യം നൽകുന്നത്.
ചിലഘട്ടങ്ങളിൽ ഒരു തീരുമാനമെടുത്തിട്ടുണ്ടാകും. അത് അന്നത്തെ സാഹചര്യത്തിലായിരിക്കും. ആ തീരുമാനം എല്ലാ കാലത്തേക്കുമുള്ളതാണെന്ന് ധരിക്കരുത്. എല്ലാ ഭൗതിക സാഹചര്യങ്ങളും വസ്‌തുനിഷ്‌ഠമായി വിലയിരുത്തിക്കൊണ്ടുവേണം അടവുനയങ്ങളാവിഷ്‌കരിക്കാൻ. അന്നത്തെ തീരുമാനം അന്നത്തെ സാഹചര്യത്തിൽ തീർത്തും ശരിയായിരുന്നു. എന്നാൽ സീതാറാം യെച്ചൂരി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അടുത്തുവരാൻ ആ തീരുമാനം തടസമാകാൻ പാടില്ലെന്നും ഇ പി കൂട്ടി ചേർത്തു.