തലശ്ശേരി :- സഹോദരനെ മരവടി കൊണ്ട് അടിച്ചും ചവുട്ടിയും കൊലപ്പെടുത്തിയെന്ന കേസിൽ പടിയൂർ പാലയോട് സി.ബിനുവിനെ (39) 10 വർഷം കഠിന തടവിനും 35,000 രൂപ പിഴ അടയ്ക്കാനും അഡീഷനൽ സെഷൻസ് കോടതി (2) ജഡ്‌ജി ടിറ്റി ജോർജ് ശിക്ഷിച്ചു. അപകടകരമായ ആയുധം ഉപയോഗിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ചതിന് 7 വർഷം കഠിന തടവിനു വേറെയും ശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ 9 മാസം കൂടുതൽ തടവ് അനുഭവിക്കണം. 2021 ജൂലൈ 30ന് പാലയോട് പൂന്തോട്ടുമഠം കവലയിലേക്ക് പോകുന്ന നടവഴിയിൽ വച്ചാണ് സംഭവം. പ്രതിയുടെ സഹോദരൻ മഹേഷിനെ (37) പണിക്കൂലിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
മരവടി കൊണ്ടു മുഖത്തും തലയ്ക്കും അടിക്കുകയും നിലത്ത് തള്ളിയിട്ട് വയറിന് ചവിട്ടുകയും ചെയ്തതിനെത്തുടർന്ന് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മഹേഷ് മരിച്ചത്. ഇരിക്കൂർ പൊലിസ് എസ്ഐ എം.വി ഷിജു റജിസ്റ്റർ ചെയ്ത കേസിൽ എസ്ഐ കെ.സുധീറാണ് അന്വേഷണം നടത്തിയത്. യുവാക്കളുടെ സഹോദരി വിലാസിനിയുടെ പരാതിയിലാണ് കേസ് റജിസ്‌റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് ജയശ്രീ ഹാജരായി.