ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ ഓർമ്മകൾക്ക് ഇന്നേക്ക് 40 വർഷം. സ്വന്തം വസതിയിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. ലോകം ശ്രദ്ധയോടെ കേട്ടിരുന്ന വാക്കുകളുടെ ഉടമ . വിമർശനങ്ങൾ ഒരുപാടുണ്ടെങ്കിലും ഇന്ദിരാ ഗാന്ധിയെന്നാൽ എന്നും ചങ്കൂറ്റത്തിന്റെ മറുവാക്കാണ്.
ജവഹർലാൽ നെഹ്രുവിന്റെ ഒരേയൊരു മകളായിരുന്ന ഇന്ദിര 1947 മുതൽ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നു. ഭരണത്തിൽ അവരുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. 1959 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നെഹ്റുവിന്റെ മരണ ശേഷം ലാൽബഹാദൂർ ശാസ്ത്രി മന്ത്രിസഭയിൽ ഒരു കേന്ദ്രമന്ത്രിയായി ഇന്ദിര ചുമതലയേറ്റു. 1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിക്കു ശേഷം ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രിയും, ആദ്യത്തെ വനിതാപ്രധാനമന്ത്രിയുമായി ഇവർ സ്ഥാനമേറ്റെടുത്തു. ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അധികാരകേന്ദ്രീകരണത്തിന്റേയും, കർക്കശമായ പെരുമാറ്റത്തിന്റേയും ഒരു പ്രതീകമായിരുന്നു ഇന്ദിര. കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യസമരത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാകിസ്താനുമായി യുദ്ധത്തിലേർപ്പെട്ട ഇന്ദിര, യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതോടെ ബംഗ്ലാദേശ് രൂപീകരണത്തിന് കാരണമായി. ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി. 1975 മുതൽ 1977 വരെ ഇന്ദിര ഇന്ത്യയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥകാലത്ത് ഇവർ ഒരു ഏകാധിപതിയെപ്പോലെയാണ് പെരുമാറിയിരുന്നത് എന്ന് ശത്രുക്കൾ ആരോപിക്കുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന നടപടിയുടെ പരിണതഫലമായി, സിഖ് വംശജരുടെ അപ്രീതിക്കു പാത്രമായിത്തീർന്ന അവർ 31 ഒക്ടോബർ 1984 ന് സിഖ് വംശജരായ തന്റെ തന്നെ സുരക്ഷാഉദ്യോഗസ്ഥരുടെ വെടിയേറ്റ് മൃതിയടഞ്ഞു. ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു.ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
1942 മാര്‍ച്ച് 26ന് ഫിറോസ് ഗാന്ധിയുമായുള്ള വിവാഹം നടന്നു. രണ്ടു മക്കളാണ് അവര്‍ക്കുള്ളത്. 1955ല്‍ ശ്രീമതി ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയംഗവുമായി. എ.ഐ.സി.സിയുടെ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, ഓള്‍ ഇന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടു്. 1959 മുതല്‍ 1960 വരെയും പിന്നീട് 1978 ജനുവരി മുതലും അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു.
1964 മുതല്‍ 1966 വരെ വാര്‍ത്താവിതരണ, പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്നു. 1966 ജനുവരി മുതല്‍ 1977 മാര്‍ച്ച് വരെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. 1967 സെപ്റ്റംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെ ആണവോര്‍ജ വകുപ്പു മന്ത്രികൂടിയായിരുന്നു അവര്‍. 1967 സെപ്റ്റംബര്‍ അഞ്ചു മുതല്‍ 1969 ഫെബ്രുവരി 14 വരെ വിദേശകാര്യ വകുപ്പിന്റെ അധികച്ചുമതല വഹിച്ചു. 1970 ജൂണ്‍ മുതല്‍ 1973 നവംബര്‍ വരെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തത് ശ്രീമതി ഗാന്ധിയായിരുന്നു. 1972 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ ബഹിരാകാശവകുപ്പിന്റെ ചുമതലയും വഹിച്ചു. 1980 ജനുവരി മുതല്‍ പഌനിംങ് കമ്മീഷന്‍ ചെയര്‍ പേഴ്‌സണായി പ്രവര്‍ത്തിച്ചു. 1980 ജനുവരി 14ന് അവര്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഡെല്‍ഹി സര്‍വകലാശാല കോര്‍ട്ടംഗമായും 1960-64ല്‍ യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോര്‍ഡംഗമായും 1962ല്‍ ദേശീയ പ്രതിരോധ കൗസിലംഗമായും പ്രവര്‍ത്തിച്ചു. സംഗീത നാടക അക്കാദമി, നാഷണല്‍ ഇന്റഗ്രേഷന്‍ കൗസില്‍, ഹിമാലയന്‍ മൗണ്ടനീയറിംങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി, ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് തുടങ്ങിയ സംഘടനകളിലും അവര്‍ സജീവമായിരുന്നു.
1964 ഓഗസ്റ്റില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1967 ഫെബ്രുവരി വരെ അംഗമായി തുടര്‍ന്നു. നാല്, അഞ്ച്, ആറ് ലോക്‌സഭകളില്‍ അംഗമായിരുന്നു. 1980 ജനുവരിയില്‍ നടന്ന അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ റായ്ബറേലിയില്‍നിന്നും ആന്ധ്രാപ്രദേശിലെ മേഡക്കില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മേഡക്ക് നിലനിര്‍ത്താനും റായ്ബറേലിയിലെ അംഗത്വം ഉപേക്ഷിക്കാനുമായിരുന്നു അവരുടെ തീരുമാനം. 1967-77ലും 1980 ജനുവരിയിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങളും താല്‍പര്യങ്ങളും വേറിട്ടുനില്‍ക്കുതല്ലെന്നു വിശ്വസിച്ച അവര്‍ ജീവിതത്തെ സമഗ്രതയോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല മേഖലകളിലും അവര്‍ സജീവ താല്‍പര്യമെടുത്തിരുന്നു.
ചെറുതും വലുതുമായി എത്രയോ ബഹുമതികളാണു ശീമതി ഗാന്ധിക്കു ലഭിച്ചിട്ടുള്ളത്. 1972ല്‍ ഭാരത രത്‌ന, 1972ല്‍ മെക്‌സിക്കന്‍ അക്കാദമി അവാര്‍ഡ് ഫോര്‍ ലിബറേഷന്‍ ഓഫ് ബംഗഌദേശ്, 1973ല്‍ എഫ്.എ.ഒയുടെ രണ്ടാമത് വാര്‍ഷിക പുരസ്‌കാരം, 1976ല്‍ നഗരി പ്രചാരിണി സഭയുടെ സാഹിത്യ വാചസ്പതി (ഹിന്ദി) അവാര്‍ഡ് എന്നിവ ലഭിച്ചു. 1953ല്‍ യു.എസ്.എ. മദേഴ്‌സ് അവാര്‍ഡും ഇറ്റലിയുടെ ഇസല്‍ബെല്ല ഡി’ എസ്റ്റെ അവാര്‍ഡും നയതന്ത്രമികവിനു യേല്‍ സര്‍വകലാശാലയുടെ ഹൗലാന്‍ഡ് മെമ്മോറിയല്‍ പ്രൈസും ലഭിച്ചിട്ടുണ്ട്. 1967ലും 68ലും ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്‌ളിക് ഒപ്പീനിയന്‍ നടത്തിയ വോട്ടെടുപ്പില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സ്ത്രീയെന്ന പദവി ശ്രീമതി ഗാന്ധിക്കായിരുന്നു. 1971ല്‍ യു.എസ്.എയില്‍ നടത്തിയ പ്രത്യേക ഗാലപ് പോള്‍ സര്‍വേയില്‍ ലോകത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയെന്ന പദവിക്ക് അര്‍ഹയായി. ജന്തുസംരക്ഷണത്തിന്, 1971ല്‍ അര്‍ജന്റൈന്‍ സൊസൈറ്റി അവര്‍ക്ക് ഡിപ്‌ളോമ ഓഫ് ഓണര്‍ നല്‍കി.
‘ദ് ഇയേഴ്‌സ് ഓഫ് ചാലഞ്ച്’ (1966-69), ‘ദ് ഇയേഴ്‌സ് ഓഫ് എന്‍ഡവര്‍’ (1969-72), ‘ഇന്ത്യ’ (ലണ്ടന്‍- 1975), ‘ഇന്‍ഡ്’ (ലോസന്‍- 1979) എന്നീ കൃതികളും ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും ശേഖരങ്ങളും അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം വളരെയധികം യാത്രകള്‍ നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ബംഗഌദേശ്, ഭൂട്ടാന്‍, ബര്‍മ, ചൈന, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബഌക്, ഫെഡറല്‍ റിപ്പബഌക് ഓഫ് ജര്‍മനി, ഗയാന, ഹംഗറി, ഇറാന്‍, ഇറാഖ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. അള്‍ജീരിയ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, ചിലി, ചെക്കോസ്‌ളോവാക്യ, ബൊളീവിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലും അവര്‍ പോയിട്ടുണ്ട്. ഇതിനു പുറമെ ഇന്തോനേഷ്യ, ജപ്പാന്‍, ജമൈക്ക, കെനിയ, മലേഷ്യ, മൗറീഷ്യസ്, മെക്‌സിക്കോ, നെതര്‍ലന്‍ഡ്‌സ്, ന്യസിലന്‍ഡ്, നൈജീരിയ, ഒമാന്‍, പോളണ്ട്, റോമേനിയ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സിറിയ, സ്വീഡന്‍, ടാന്‍സാനിയ, തായ്‌ലന്‍ഡ്, ട്രിനിഡാഡ്, ടൊബാഗോ, യു.എ.ഇ., ബ്രിട്ടന്‍, യു.എസ്.എ., യു.എസ്.എസ്.ആര്‍., ഉറുഗ്വേ, വെനസ്വേല, യുഗോസ്ലാവ്യ, സാംബിയ, സിംബാബ്‌വേ എന്നിവയാണ് ശ്രീമതി ഗാന്ധി സന്ദര്‍ശിച്ചിട്ടുള്ള രാഷ്ട്രങ്ങള്‍.
പ്രധാനമന്ത്രിപദത്തിൽ
പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ നെഹ്രുകുടുംബത്തെ ശരണം പ്രാപിക്കുകയെന്ന കോൺഗ്രസ് നേതാക്കന്മാരുടെ കീഴ്‌വഴക്കമാണ് ഇന്ദിരയെ പ്രധാനമന്ത്രിപദത്തിലെത്തിച്ചത്. മുതിർന്ന നേതാക്കളിൽ പലർക്കും ഇന്ദിര മികച്ച ഒരു പ്രധാനമന്ത്രിയാകുമെന്ന വിശ്വാസമില്ലായിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം മറ്റുള്ളവരെ അമ്പരിപ്പിച്ച ഒട്ടേറെ നടപടികൾ അവർ സ്വീകരിച്ചു. ദേശവ്യാപകമായ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവുമായിരുന്നു ഭരണരംഗത്ത് ഇന്ദിരയെക്കാത്തിരുന്ന ആദ്യ വെല്ലുവിളി. 1966 ലെ വിളവെടുപ്പ് മുൻവർഷത്തേതിനേക്കാൾ 12 ദശലക്ഷത്തോളം കുറഞ്ഞു. വികസിത രാജ്യങ്ങളിൽ നിന്നും സഹായം ലഭ്യമാകാതെ നിലനിൽക്കാൻ കഴിയില്ല എന്ന സ്ഥിതിയായിരുന്നു അത്. 1965ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തെ തുടർന്ന് അമേരിക്ക ഇന്ത്യക്കു നൽകിയിരുന്ന ധനസഹായം നിറുത്തിയിരുന്നു. ലാൽ ബഹാദൂർ ശാസ്ത്രിയുടെ കാലത്ത് വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കക്കെതിരേ നിലപാടെടുത്തതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയിരുന്നു. എന്നാൽ ഇന്ദിരക്ക് അമേരിക്ക വളരെ സൗഹൃദത്തോടെയുള്ള സ്വാഗതമോതുകയുണ്ടായി. അമേരിക്കയിൽ നിന്നും ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാനും സാമ്പത്തിക സഹായം നേടുവാനും ലിൻഡൻ ബി ജോൺസണുമായി ഇന്ദിര ധാരണയിലെത്തി. 3.5ദശലക്ഷം ടൺ ധാന്യവും, 900 ദശലക്ഷം അമേരിക്കൻ ഡോളർവരുന്ന ധനസഹായവും ലിൻഡൻ ഇന്ത്യക്കു വാഗ്ദാനം ചെയ്തു. എന്നാൽ ഈ ധാരണ പ്രാവർത്തികമാകും മുൻപേ പൊളിഞ്ഞു. വിയറ്റ്‌നാം യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ ഇന്ദിര തയ്യാറാകാതിരുന്നതാണ് പ്രശ്നമായത്. അനേകകോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടുവെന്ന പഴി ഇന്ദിരയ്ക്കു കേൾക്കേണ്ടിവന്നു. ഇതേത്തുടർന്ന് അധികാരത്തിന്റെ കാര്യത്തിലും അവർക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പാർട്ടിയുടെ നിർദ്ദേശത്തിനു വഴങ്ങി മൊറാർജി ദേശായിയെ ഉപപ്രധാനമന്ത്രിയായി നിയമിക്കാൻ അവർ നിർബന്ധിതയായി. എന്നാൽ സുപ്രധാനമായ ആഭ്യന്തര വകുപ്പ് മൊറാർജിക്കു നൽകാതിരിക്കാൻ അവർ ശ്രദ്ധിച്ചു.
ബാങ്കുകളുടെ ദേശസാൽക്കരണം
ഇന്ദിരാ ഗാന്ധിയുടെ ഭരണപരിഷ്കാരങ്ങളിൽ വളരെ പ്രധാനപ്പെട്ടതെന്ന് എടുത്തു പറയാവുന്ന ഒന്നാണ് വാണിജ്യബാങ്കുകളുടെ ദേശസാൽക്കരണം. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു ഇന്ത്യയിലെ ബാങ്കിംഗ് മേഖല അതുവരെ. മുൻഗണന കിട്ടേണ്ട പല മേഖലകളെയും അവഗണിച്ച് സ്വകാര്യ നിക്ഷേപങ്ങൾക്കാണ് ഉടമകൾ താൽപര്യം കാണിച്ചിരുന്നത്. ഇതു മൂലം, സാധാരണജനങ്ങൾക്ക് ബാങ്കിംഗ് എന്നത് ഒരു സ്വപ്നമായെങ്കിലും അവശേഷിച്ചു.ഇന്ദിര ബാങ്കുകൾ ദേശസാൽക്കരിക്കുന്നതിനുള്ള ഒരു പദ്ധതി അവതരിപ്പിച്ചു. സ്വകാര്യ ബാങ്കുകളുടെ ചൂഷണത്തിനു വിധേയരായിരുന്ന സാധാരണ ജനങ്ങൾ ഈ നടപടി സ്വാഗതം ചെയ്തു. പതിനാല് വാണിജ്യ ബാങ്കുൾ ഇന്ദിരാ സർക്കാർ ദേശസാൽക്കരിച്ചു. ദേശസാൽക്കരണ പ്രക്രിയ ബാംങ്കിംഗ് രംഗത്ത് അഭൂതപൂർവ്വമായ മാറ്റമാണ് വരുത്തിയത്, നിക്ഷേപം 800 ശതമാനത്തോളം വർദ്ധിച്ചു, വായ്പാശതമാനം 11,000 ശതമാനത്തോളം എത്തി.[36] ബാങ്കുൾ ഗ്രാമീണ മേഖലകളിലും ശാഖകൾ തുറന്നു. ബാങ്കിംഗ് എന്നാൽ സാധാരണക്കാർക്കും പ്രാപ്യമായിത്തീർന്നു. ജനങ്ങളുടെ സമ്പാദ്യശീലം വർദ്ധിക്കുക എന്നതിലുപരി വിവിധമേഖലകളിൽ നടന്ന നിക്ഷേപം ഗണ്യമായി വർദ്ധിക്കുകയുണ്ടായി. പ്രതിപക്ഷനേതാവായിരുന്ന ജയപ്രകാശ് നാരായണൻ പോലും ഈ ദേശസാൽക്കരണ നടപടിയിൽ ഇന്ദിരയെ പുകഴ്ത്തുകയുണ്ടായി. എന്നാൽ ധനകാര്യ മന്ത്രി മൊറാർജിയുൾപ്പടെയുള്ള നേതാക്കൾ ഇക്കാര്യത്തിൽ ഇന്ദിരയുമായി ഇടഞ്ഞു. ബാങ്കിംഗ് മേഖല അപ്രാപ്യമായിരുന്ന സാധാരണജനങ്ങൾക്ക് ഈ ദേശസാൽക്കരണം ഗുണകരമായി എന്നതിൽ സംശയമൊന്നുമില്ല. 1971 ൽ ഇന്ദിര രണ്ടാവട്ടം അധികാരത്തിലെത്തിയപ്പോൾ ഈ ദേശസാൽക്കരണ നയം വ്യാവസായിക മേഖലകളിലേക്കും വ്യാപിപ്പിച്ചു. ഇരുമ്പ്, കൽക്കരി, ഖനി, പരുത്തി തുടങ്ങിയ വ്യവസായമേഖലകളെല്ലാം ഇന്ദിരാ സർക്കാർ ദേശസാൽക്കരിക്കുകയുണ്ടായി. തൊഴിൽ ഉറപ്പുവരുത്താനാണ് ഈ നടപടികൊണ്ട് ഇന്ദിര ഉദ്ദേശിച്ചിരുന്നതെന്നു പറയപ്പെടുന്നു. ബാക്കിയുള്ള സ്വകാര്യമേഖലാ വ്യവസായങ്ങൾ വളരെ കർശനമായ നിരീക്ഷണങ്ങൾക്കു വിധേയമാക്കുകയും ചെയ്തു.
ഇന്ദിരയുടെ പല നടപടികളും പാർട്ടി നേതൃത്വത്തിന്റെ അനിഷ്ടം വിളിച്ചുവരുത്തി. 1969-ൽ രാഷ്ട്രപതി സാക്കിർ ഹുസൈന്റെ മരണത്തോടെ ഈ വിയോജിപ്പ് മൂർധന്യത്തിലെത്തി. കോൺഗ്രസ് നേതൃത്വം നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയപ്പോൾ ഇന്ദിര ഉപരാഷ്ട്രപതിയും, ഇടതു ചിന്താഗതിക്കാരനുമായ വി വി ഗിരിക്ക് പിന്തുണ നൽകി. വി.വി. ഗിരി സ്വതന്ത്രനായിട്ടായിരുന്നു നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. ഇന്ദിരയെ അധികാരത്തിൽ നിന്നും പുറന്തള്ളാൻ ഔദ്യോഗിക നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏതായാലും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ മനസാക്ഷിവോട്ട് ആഹ്വാനം ലക്ഷ്യംകണ്ടു. വി വി ഗിരി രാഷ്ട്രപതിയായി. ഇതോടെ കോൺഗ്രസ് ഔദ്യോഗികമായി പിളർന്നു. പാർട്ടിയിലെ പ്രതിസന്ധി മറികടക്കാനും, തിരഞ്ഞെടുപ്പിൽ വിജയം നിലനിർത്താനും ഇന്ദിര ഗരീബി ഹഠാവോ(ദാരിദ്ര്യത്തെ ചെറുക്കുക) എന്ന പ്രസിദ്ധമായ മുദ്രാവാക്യം പുറത്തിറക്കി. ഈ മുദ്രാവാക്യവുമായി 1971ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട അവർ വൻഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. മത്സരിച്ച 441 മണ്ഡലങ്ങളിൽ 352 എണ്ണത്തിലും വിജയിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരണത്തിലെത്തി .
ബംഗ്ലാദേശ് വിമോചന യുദ്ധം
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീർത്തിയുയർത്തിയ മറ്റൊരു സംഭവം. കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക് പറഞ്ഞുവിട്ട പാക് സൈന്യമാണ് സംഘർഷത്തിനു തുടക്കം കുറിച്ചത്. പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളിൽ ചോദ്യം ചെയ്ത ശേഷം ഇന്ത്യ, ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു. ഒരുലക്ഷത്തോളം പാക് സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്നും വേർപെടുത്തി. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയം പൊതുജനങ്ങൾക്കിടയിൽ ഇന്ദിരയുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇന്ദിരയുടെ കൈകളിൽ ഇന്ത്യ സുരക്ഷിതയാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതിൽ അവർ വിജയിച്ചു. ഈ യുദ്ധവിജയത്തിനുശേഷം, അന്നത്തെ പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്പേയി ഇന്ദിരയെ ദുർഗ്ഗാദേവിയോടാണ് ഉപമിച്ചത്.
ഷിംലാ കരാർ
യുദ്ധത്തിൽ പരാജയപ്പെട്ട പാകിസ്താന്റെ ഒരുലക്ഷത്തോളം ഭടന്മാരെ മോചിപ്പിക്കുന്നതിനു പകരമായി പാക് അധീന കാശ്മീർ തിരിച്ചു ചോദിക്കാത്തതെന്ത് എന്നു രാജ്യമൊട്ടാകെ വിമർശനമുയർന്നു. എങ്കിലും ഇന്ദിര അത്തരം ഒരു ആവശ്യത്തിൽനിന്നു മാറി നിന്നത് പാകിസ്താനുമായുള്ള ആജീവനാന്ത ശത്രുതയും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളും അന്താരാഷ്ട്ര പ്രതിഷേധവും ഒഴിവാക്കി. പാക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയെ ഇന്ദിര സിംലയിലേക്ക് ഒരു ആഴ്ച നീണ്ട ചർച്ചയ്ക്കു ക്ഷണിച്ചു. ഏകദേശം പരാജയപ്പെടുമെന്ന് ഉറപ്പായ ഈ ചർച്ചയുടെ ഒടുവിൽ ഇന്ദിരയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെച്ചു.കാശ്മീർ പ്രശ്നം ഉഭയകക്ഷി ചർച്ചകളിൽ കൂടെ മാത്രമേ പരിഹരിക്കാൻ പറ്റൂ എന്ന് സിംലാ കരാർ നിഷ്കർഷിച്ചു. പാകിസ്താനു വേണ്ടി പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും, ഇന്ത്യക്കു വേണ്ടി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമാണ് സിംലാ കരാറിൽ ഒപ്പു വെച്ചത്. ഇന്ത്യയുടെ തടവിലുണ്ടായിരുന്ന 90,368 പാകിസ്താൻ പട്ടാളക്കാരേയും ഇന്ത്യ വിട്ടയച്ചു.
അടിയന്തിരാവസ്ഥ
1971-ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ട രാജ്നാരായണൻ തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇന്ദിരയ്ക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു .അലഹബാദ് ഹൈക്കോടതി വിധിയിൽ ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻഹ ഇന്ദിരയെ കുറ്റക്കാരിയായി വിധിക്കുകയും ലോകസഭാ സീറ്റ് റദ്ദുചെയ്യുകയും 6 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യയാക്കുകയും ചെയ്തു. രാജ്യമൊട്ടാകെ ഇന്ദിര രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമായി. ജയപ്രകാശ് നാരായണിന്റെയും മൊറാർജി ദേശായിയുടെയും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ഡെൽഹിയിൽ നിയമസഭ, പ്രധാനമന്ത്രിയുടെ വസതി, എന്നിവയോടു ചേർന്നുള്ള നിരത്തുകൾ ജനങ്ങളെ കൊണ്ടു നിറച്ചു.
രാജ്യത്ത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് കാണിച്ച് ഇന്ദിര രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് വഴി ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . ഇന്ദിരയ്ക്ക് ഉത്തരവുകൾ (ഡിക്രീകൾ) പുറപ്പെടുവിച്ച് ഭരിക്കുവാനും തിരഞ്ഞെടുപ്പുകൾ റദ്ദാക്കുവാനും പൗരാവകാശങ്ങൾ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും ഉള്ള അധികാരം ഇത് നൽകി. 1975 മുതൽ 1977 വരെ ആയിരുന്നു അടിയന്തരാവസ്ഥ കാലഘട്ടം. 24 മണിക്കൂറുകൾ കൊണ്ട് ജയപ്രകാശ് നാരായണും മൊറാർജി ദേശായിയുമടക്കം രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ചു.ലാൽ കൃഷ്ണ അദ്വാനി, അടൽ ബിഹാരി വാജ്‌പേയി, അശോക് മേത്ത കൂടാതെ കേരളത്തിലെ പ്രമുഖ ഇടതുപക്ഷ നേതാക്കളായ പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവർ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു മാസം തികയുമ്പോഴേക്കും ഏതാണ്ട് 50,000 ഓളം വരുന്ന ആളുകൾ ജയിലിലടക്കപ്പെട്ടു.
ഭരണഘടന അനുവദിച്ചു തരുന്ന പ്രധാന പൗരാവകാശങ്ങളെല്ലാം അടിയന്തരാവസ്ഥക്കാലത്ത് ലംഘിക്കപ്പെട്ടു. കുറ്റവാളികളെയും രാഷ്ടീയ എതിരാളികളേയും അമർച്ച ചെയ്യാൻ പോലീസിന് വ്യാപകമായ അധികാരങ്ങൾ കൊടുത്ത ഇന്ദിര പത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിച്ചു. ആർ.എസ്.എസ്, ജമാ-അത്-എ-ഇസ്ലാമി തുടങ്ങിയ സംഘടനകളെ നിരോധിച്ചു. ജനങ്ങൾക്ക് പണിമുടക്കാനും സമരം ചെയ്യുവാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടു. കസ്റ്റഡി മരണങ്ങളും വ്യക്തികളുടെ തിരോധാനങ്ങളും സാധാരണ സംഭവങ്ങളായി. ആദ്യമാദ്യം പുതിയ നിയമങ്ങൾ ലോകസഭയിൽ കോൺഗ്രസ് ഭൂരിപക്ഷമുപയോഗിച്ച് പാസാക്കിയിരുന്നെങ്കിലും ഇതിനു വേഗത പോരാ എന്ന കാരണംപറഞ്ഞ് പാർലമെന്റിനെ മറികടന്ന് ഇന്ദിര പ്രസിഡന്റിന്റെ ഒപ്പോടുകൂടി നേരിട്ട് നിയമങ്ങൾ പാസാക്കിത്തുടങ്ങി. ഇന്ദിരയുടെ ഇളയമകൻ സഞ്ജയ് ഗാന്ധി നിർബന്ധിത വന്ധ്യവൽക്കരണവും ചേരികൾ ഒഴിപ്പിക്കലും നടപ്പിലാക്കി.
അന്ത്യം
ഒക്ടോബർ 31, 1984 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് ഇന്ദിരയ്ക്ക് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു. ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നൽകാൻ തന്റെ തോട്ടത്തിൽ കൂടി നടക്കുകയായിരുന്ന ഇന്ദിരയ്ക്ക് വസതി വളപ്പിലെ ഒരു ചെറിയ ഗേറ്റിൽ കാവൽ നിന്നിരുന്ന അംഗരക്ഷകരിൽനിന്നാണ് വെടിയേറ്റത് . അംഗരക്ഷകരെ അഭിവാദനം ചെയ്യാൻ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകൾ കൊണ്ട് ഇവർ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഈ ക്രൂരകൃത്യം ചെയ്തതിനുശേഷം ഇരുവരും തങ്ങളുടെ ആയുധങ്ങൾ വലിച്ചെറിഞ്ഞു. എനിക്കു ചെയ്യാൻ കഴിയുമായിരുന്നത് ഞാൻ ചെയ്തു, നിങ്ങൾ എന്താണോ ചെയ്യുവാനാഗ്രഹിക്കുന്നത് അത് നിങ്ങൾക്കു ചെയ്യാം എന്ന് ബിയാന്ത് സിങ് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ദൃക്സാക്ഷികൾ ഓർമ്മിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ഉണ്ടായിരുന്ന കാറിൽ വെടിയേറ്റ ഇന്ദിരയെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു കൊണ്ടുപോയി. രാവിലെ 9:30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കുശേഷം 2:20 ന് ഡോക്ടർമാർ ഇന്ദിരയുടെ മരണം സ്ഥിരീകരിച്ചു. ഒരു യന്ത്രവത്കൃത തോക്കിൽ നിന്നും, ഒരു ചെറിയ കൈത്തോക്കിൽ നിന്നുമുള്ള 30 ഓളം വെടിയുണ്ടകൾ ഇന്ദിരയുടെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന് ഇന്ദിരയുടെ മൃതദേഹപരിശോധന നടത്തിയ ഡോക്ടർ പറയുകയുണ്ടായി. ഇന്ദിരയുടെ മരണത്തെത്തുടർന്ന് മൂത്തമകൻ രാജീവ് പ്രധാനമന്ത്രിയായി. മൃതദേഹം മൂന്നുദിവസത്തെ പൊതുദർശനത്തിനുശേഷം നവംബർ 3ന് സംസ്കരിച്ചു. ഇന്ദിരയുടെ സമാധിസ്ഥലം ശക്തിസ്ഥൽ എന്നറിയപ്പെടുന്നു.
ഇൻഡ്യൻ രാഷ്ട്രീയത്തിലും ഇന്ത്യൻ സ്ഥാപനങ്ങളിലും സ്വജനപക്ഷപാതത്തിന്റെ ഒരു സംസ്കാരം വളർത്തിയെടുത്തവരിൽ പ്രധാനിയാണ് ഇന്ദിരാ ഗാന്ധി.
ഇന്ത്യയുടെ രണ്ട് പ്രധാന അതിർത്തികൾ: വടക്കേ അറ്റം ഇന്ദിരാ കോൾ (35.674520 ° N 76.845245 ° E), തെക്കേ അറ്റം ഇന്ദിര പോയിന്റ് (6.74678 ° N 93.84260 ° E) എന്നിവയ്ക്ക് ഇന്ദിരാ ഗാന്ധിയുടെ പേരാണ് നൽകിയിട്ടുള്ളത്.
ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഭവന പദ്ധതിയായ ഇന്ദിര ആവാസ് യോജനയ്ക്ക് ഇന്ദിരയുടെ പേരാണ് നൽകിയിരുന്നത്. ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡെൽഹിയിലെ പ്രധാന വിമാനത്താവളമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാലയായിട്ടുള്ള ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റി എന്നിവ ഇന്ദിരാ ഗാന്ധിയോടുള്ള ആദരസൂചകമായിട്ടാണ് പേരിട്ടിരിക്കുന്നത്.
ഇന്ദിരാഗാന്ധിയുടെ ചരമദിനം ഇന്ത്യയിൽ ദേശീയ പുനരർപ്പണ ദിനം അഥവാ രാഷ്ട്രീയ സങ്കല്പ് ദിനമായി ആചരിക്കുന്നു.