തിരുവനന്തപുരം :- ശബരിമല ക്ഷേത്രത്തിൽ ദർശനസമയം അര മണിക്കൂർ കൂട്ടി. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞു 3 മുതൽ രാത്രി 11 വരെയുമായിരിക്കും ഇത്തവണ ദർശനസമയം. നിലവിൽ പുലർച്ചെ മൂന്നരയ്ക്കാണ് നട തുറക്കുന്നത്. ദർശനത്തിനു സ്പോട്ട് ബുക്കിങ് നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് സർക്കാരുമായി കൂടിയാലോചന നടത്തും.
മാലയിട്ടെത്തുന്ന ഒരു ഭക്തനു പോലും ദർശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. സ്പോട്ട് ബുക്കിങ് നിർത്തലാക്കിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. നേരത്തേ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഓൺലൈൻ ബുക്കിങ് വഴി ദിവസവും 80,000 പേർക്കുവീതം ദർശനത്തിന് അനുമതി നൽകാൻ തീരുമാനിച്ചത്.